പോളണ്ടില്‍ ഇന്ത്യക്കാരനു നേരെ വംശീയ അധിക്ഷേപം


SEPTEMBER 3, 2022, 10:21 PM IST

വാര്‍സോ: യു എസിന് പിന്നാലെ യൂറോപ്യന്‍ രാജ്യമായ പോളണ്ടിലും ഇന്ത്യക്കാരനു നേരെ വംശീയാധിക്ഷേപം. ഇന്ത്യക്കാരനില്‍ നിന്നും യാതൊരു പ്രകോപനവുമുണ്ടായില്ലെങ്കിലും വംശീയാധിക്ഷേപം നടത്തുകയായിരുന്നു. മാത്രമല്ല അതിന്റെ ദൃശ്യങ്ങള്‍ സ്വയം ഷൂട്ട് ചെയ്യുകയായിരുന്നു. 

ഇയാള്‍ ഷൂട്ടുചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിയോനാസി ചിന്താഗതിക്കാരനായ ജോണ്‍ മിനാഡ്യോ ജൂനിയര്‍ എന്ന അമേരിക്കന്‍ ടൂറിസ്റ്റാണ് വീഡിയോയില്‍ വംശീയാധിക്ഷേപം നടത്തുന്നതെന്നാണ് ചില സാമൂഹ്യമാധ്യങ്ങളില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. 

നിങ്ങള്‍ ഇംഗ്ലീഷുകാരനാണോ, പിന്നെയെന്തിനാണ് പോളണ്ടില്‍ നില്‍ക്കുന്നതെന്നും താന്‍ അമേരിക്കയില്‍ നിന്നാണെന്നും അമേരിക്കയിലും നിങ്ങളെ പോലെ ഒരുപാട് പേരുണ്ടെന്നും അയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നതെന്നും നിങ്ങള്‍ പോളണ്ടിനേയും കയ്യടിക്കിയിരിക്കുകയാണെന്നും അയാള്‍ പറയുന്നു. എന്തിനാണ് നിങ്ങള്‍ ഇവിടെ നില്‍ക്കുന്നതെന്നും എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്ക് ഇന്ത്യയിലേക്ക് തിരികെ പോകാത്തതെന്നും ചോദിക്കുന്നു. നിങ്ങള്‍ ഇന്ത്യക്കാരനല്ലേ, എന്നോടു മറുപടി പറയൂ എന്നൊക്കെയും അമേരിക്കന്‍ പൗരന്‍ വീഡിയോയില്‍ പറയുന്നു. ഇയാളുടെ മുഖം വീഡിയോയില്‍ കാണിക്കുന്നില്ല. ഇ്ന്ത്യക്കാരന്റെ മുഖം മാത്രമാണ് കാണിക്കുന്നത്. 

നിങ്ങള്‍ എന്തിനാണ് തന്നെയിങ്ങനെ ഫോണില്‍ ഷൂട്ട് ചെയ്യുന്നതെന്നും അതു നിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന ഇന്ത്യക്കാരനോട് തനിക്ക് നിങ്ങളെ ഷൂട്ട് ചെയ്യാമെന്നും കാരണം ഇത് തന്റെ രാജ്യമാണെന്നും താന്‍ യൂറോപ്യനാണെന്നും അയാള്‍ പറയുന്നുണ്ട്. 

തങ്ങളുടെ രാജ്യം കയ്യടക്കാനുള്ള അവകാശമുണ്ടോ എന്ന് യൂറോപ്യന്‍മാര്‍ക്ക് അറിയണമെന്നും നിങ്ങള്‍ക്ക് ഇന്ത്യയില്ലേ, പിന്നെന്തിനാണ് നിങ്ങള്‍ ഞങ്ങള്‍ വെള്ളക്കാരുടെ നാട്ടിലേക്ക് വരുന്നതെന്നും അയാള്‍ ചോദിക്കുന്നു. നിങ്ങളുടെ സ്വന്തം രാജ്യത്ത് ജോലി ചെയ്ത് ജീവിച്ചാല്‍ പോരേ, ഞങ്ങളുടെ അധ്വാനത്തിന്റെ പങ്കുപറ്റിയാണ് നിങ്ങള്‍ ഇവിടെ ജീവിക്കുന്നത്. 

എന്തിനാണ് ഇങ്ങനെ ഇത്തിള്‍ക്കണ്ണികളെ പോലെ ഞങ്ങളുടെ നാട്ടില്‍ ജീവിക്കുന്നത്. ഇവിടെ, യൂറോപ്പിലേക്ക് അതിക്രമിച്ച് കടന്ന് ജീവിക്കുന്നത് ഓകെയാണെന്നാണോ നിങ്ങളുടെ വിചാരം. ഞങ്ങളുടെ വംശത്തെ നിങ്ങള്‍ വംശഹത്യ ചെയ്യുകയാണ്. നിങ്ങള്‍ ഒരു അധിനിവേശക്കാരനാണ്. ഞങ്ങളുടെ മാതൃരാജ്യത്തെ അധിനിവേശം ചെയ്യുകയാണ്. 

സ്വന്തം നാട്ടിലേക്ക്, സ്വന്തം വീട്ടിലേക്ക് തിരിച്ച് പോയ്‌ക്കോ. നിങ്ങളെ യൂറോപ്പില്‍ ആവശ്യമില്ല. പോളണ്ട് പോളണ്ടുകാര്‍ക്കുള്ളതാണ്. നിങ്ങള്‍ പോളിഷ് അല്ല, പിന്നെ എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നും അമേരിക്കന്‍ പൗരന്‍ പറയുന്നതായി വീഡിയോയില്‍ വ്യക്തമായി കാണാം. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ ടെക്‌സസില്‍ ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്കും സമാനമായ രീതിയില്‍ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. മെക്‌സിക്കന്‍- അമേരിക്കന്‍ വംശജയായ യുവതിക്കായിരുന്നു ഇന്ത്യക്കാരെ അപമാനിച്ചുകൊണ്ട് സംസാരിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. 

എവിടെ പോയാലും നിങ്ങള്‍ വൃത്തികെട്ട ഇന്ത്യക്കാര്‍ ഉണ്ടല്ലോ. നിങ്ങളെ ഇവിടെ ആവശ്യമില്ല. ഇന്ത്യയിലേക്ക് തിരിച്ചു പോയ്‌ക്കോളൂ എന്നൊക്കെയായിരുന്നു യു എസ് വംശജയായ യുവതി പറഞ്ഞത്. 

ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Other News