റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍; പുടിനെതിരെ ജനം തെരുവില്‍


JULY 28, 2020, 3:04 AM IST

മോസ്‌കോ: റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ ശക്തിപ്രാപിക്കുന്നു. കിഴക്കന്‍ റഷ്യയില്‍ ശനിയാഴ്ചയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രകടനം തുടങ്ങിയത്. 15 വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ജനപ്രിയനായ ഗവര്‍ണര്‍ സെര്‍ജി ഫര്‍ഗലിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഖബറോവ്‌സ്‌ക് നിവാസികള്‍ പ്രതിഷേധം ആരംഭിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ സമരമായി അത് മാറിയിരിക്കുകയാണ്. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ ബാനറുകളും മുദ്രാവാക്യങ്ങളും മുഴക്കിയാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. അതേസമയം, ഖബറോവ്‌സ്‌കിന് പുറത്തുള്ളവര്‍ സമരത്തില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഷ്യന്‍ ഭരണകൂടം കുറ്റപ്പെടുത്തി.

ഞങ്ങളുടെ ഗവര്‍ണറെ ഉടന്‍ മോചിപ്പിക്കണം, അദ്ദേഹത്തെ നിയമവിരുദ്ധമായാണ് തടങ്കലിലാക്കിയതെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു എന്നാണ് സമരക്കാരുടെ നിലപാട്. ലെനിന്‍ സ്‌ക്വയറിലുള്ള പ്രാദേശിക ഭരണ കെട്ടിടത്തിനു മുന്നില്‍ 'സ്വാതന്ത്ര്യം', 'പുടിന്‍ രാജിവെക്കുക' എന്നിങ്ങനെയെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ആയിരങ്ങളാണ് പ്രതിഷേധിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും പ്രകടനങ്ങള്‍ക്ക് പൊലീസ് അനുമതി നല്‍കിയിരുന്നു. അതേസമയം, പ്രകടനക്കാരെ പിന്തുണച്ച് പുഷ്‌കിന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ 10 പേരെ മോസ്‌കോ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കന്‍ റഷ്യന്‍ നഗരങ്ങളായ വ്‌ലാഡിവോസ്റ്റോക്ക്, യുഷ്‌നോ-സഖാലിന്‍സ്‌ക് എന്നിവിടങ്ങളിലും ചെറിയ സമരങ്ങള്‍ നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

50 കാരനായ ഫര്‍ഗലിനെ പുറത്താക്കിയ പുടിന്‍, പകരം അതേ പാര്‍ട്ടിയിലെ നിയമനിര്‍മ്മാതാവായ മിഖായേല്‍ ഡെഗ്ത്യാരേവിനെ താല്‍ക്കാലിക ഗവര്‍ണറായി നിയമിച്ചു.

Other News