മേക്കപ്പ് ചെയ്യും മുമ്പ്


MARCH 29, 2020, 4:50 PM IST

മുഖസൗന്ദര്യം വര്‍ധിപ്പിക്കാനായി ഇന്ന് എല്ലാവരും മേക്കപ്പ് ചെയ്യാറുണ്ട്. എന്നാല്‍ മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. മേക്കപ്പ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ...

1. നല്ല ബ്രാന്റഡ് വസ്തുക്കള്‍ മാത്രം മേക്കപ്പിനായി തെരഞ്ഞെടുക്കുക.മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി കഴിഞ്ഞോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വാങ്ങുമ്പോള്‍ മാത്രമല്ല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.

2. മേക്കപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ബ്രഷ് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ക്ലെന്‍സര്‍ അല്ലെങ്കില്‍ ബേബി ഷാംപു ഉപയോഗിച്ച് മേക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

3. വരണ്ട മുഖത്ത് മേക്കപ്പ് ചെയ്യുമ്പോള്‍ മുഖം നനച്ച് ഈര്‍പ്പം ഒപ്പിയ ശേഷം മാത്രം മിനുക്ക് പണികള്‍ തുടങ്ങിയാല്‍ മതി. ഫൗണ്ടേഷനും കോംപാക്ട് പൗഡറും വരണ്ട മുഖത്ത് പാടുണ്ടാക്കുന്നത് ഒഴിവാക്കാം.

4. തിളക്കമുളള ഐ ഷാഡോ ഉപയോഗിക്കുമ്പോള്‍ ഒരു കോട്ട് ഐ പ്രൈമര്‍ അടിക്കുക. കണ്ണിനു മുകളില്‍ ഐഷാഡോ പടര്‍ന്ന് വൃത്തികേടാകാതിരിക്കാനാണിത്.

5. മേല്‍ക്കുമേല്‍ ഫൗണ്ടേഷന്‍ പുരട്ടി കൂടുതല്‍ വെളുക്കാന്‍ ശ്രമിക്കരുത്. ചര്‍മ്മത്തിന്റെ നിറത്തിനു യോജിച്ച ഫൗണ്ടേഷന്‍ അല്‍പം മാത്രം പുരട്ടി സ്വാഭാവികത നിലനിര്‍ത്താന്‍ ശ്രമിക്കുക.

6. ടോണ്‍ ടെസ്റ്റ് കൈത്തണ്ടയില്‍ ചെയ്തു നോക്കി ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കരുത്. മുഖത്തിന്റെ നിറവും കൈകളുടേതും തമ്മില്‍ വ്യത്യാസമുണ്ടാകും. താടിയെല്ലിന്റെ ഭാഗത്തു ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.