സമാധാന കരാറായി; യെമനില്‍ ഒരു മാസത്തിനകം പുതിയ സര്‍ക്കാര്‍


NOVEMBER 7, 2019, 1:55 AM IST

സന:യെമന്‍ ഭരണകൂടവും  വിഘടനവാദികളായ ദക്ഷിണ യെമന്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും റിയാദില്‍ സമാധാന കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം നിലവിലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തില്‍ ഒരു മാസത്തിനകം രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കും. നിലവിലെ സര്‍ക്കാരും പ്രസിഡന്റും ഒരാഴ്ചക്കകം ഏദനിലേക്കു മടങ്ങും. 

യെമന്‍ ഗവണ്‍മെന്റ് പ്രതിനിധി സാലിം അല്‍ഖന്‍ബശിയും ദക്ഷിണ യെമന്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ പ്രതിനിധി ഡോ. നാസിര്‍ അല്‍ഖബ്ജിയുമാണ് സമാധാന കരാറില്‍ ഒപ്പുവെച്ചത്. ഏദന്‍ ഗവര്‍ണറെയും പൊലീസ് മേധാവിയെയും പതിനഞ്ചു ദിവസത്തിനകവും അബ്യന്‍, അല്‍ദാലിഅ് ഗവര്‍ണര്‍മാരെ മുപ്പതു ദിവസത്തിനകവും മറ്റു ദക്ഷിണ യെമന്‍ പ്രവിശ്യകളിലെ ഗവര്‍ണര്‍മാരെയും പൊലീസ് മേധാവികളെയും 60 ദിവസത്തിനകവും നിയമിക്കുമെന്നും കരാര്‍ വ്യക്തമാക്കുന്നു.

റിയാദ് കരാര്‍ നടപ്പാക്കുന്ന സംയുക്ത സമിതിക്ക് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന മേല്‍നോട്ടം വഹിക്കും. കരാര്‍ പ്രകാരം കഴിവുറ്റ രാഷ്ട്രീയ നേതാക്കളില്‍പെട്ട 24 പേരെ ഉള്‍പ്പെടുത്തിയാകും പുതിയ മന്ത്രിസഭ രൂപീകരിക്കുക. ദക്ഷിണ, ഉത്തര യെമന്‍ പ്രവിശ്യകളില്‍ നിന്നുള്ള തുല്യ അംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. മന്ത്രിസഭ താല്‍ക്കാലിക തലസ്ഥാനമായ ഏദന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. യെമനിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കരാര്‍ ഊന്നല്‍ നല്‍കുന്നു.

Other News