സൗദിയില്‍ തൊഴില്‍ കരാറുകള്‍ ഓണ്‍ലൈന്‍ മുഖേനയായിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം


AUGUST 4, 2019, 2:17 AM IST

റിയാദ്:സൗദി അറേബ്യയിലെ വിദേശികളുമായി തൊഴില്‍ കരാര്‍, കടലാസ് രേഖകള്‍ക്ക് പകരം ഓണ്‍ലൈന്‍ മുഖേന തയ്യാറാക്കിയിരിക്കണമെന്ന്‌ സൗദി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു. രേഖകളില്‍ തിരിമറി നടത്തി ഇരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ നഷ്‌ടമാകുന്ന സാഹചര്യം ഒഴിവാക്കി തൊഴില്‍ മേഖലപ്രശ്‌നരഹിതമാക്കുകയും വിപുലപ്പെടുത്തുകയുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.

തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ നല്ല ബന്ധം നില നിറുത്തുന്നതിനു പദ്ധതി സഹായകമാകും.തൊഴില്‍ കരാറുകള്‍ ഇലക്‌ട്രോണിക് സംവിധാനത്തിലേയ്ക്ക്‌ മാറ്റുന്നതിന്‌ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമയ പരിധി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം മൂവായിരവും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ രണ്ടുമുതൽ ഇത് ബാധകമാണ്.

500 മുതല്‍ 2999വരെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് ഒക്ടോബർ 29 മുതലാണ് നിയമം ബാധകമാകുന്നത്. 50 മുതല്‍ 499വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ജനുവരി 26 മുതലാണ് നടപ്പാക്കേണ്ടത്. ഒന്നു മുതല്‍ 49വരെ ജീവനക്കാരുള്ള  സ്ഥാപനങ്ങള്‍ അടുത്ത ഏപ്രിൽ 23 മുതല്‍ തൊഴില്‍ കരാറുകള്‍ ഓണ്‍ലൈനാക്കണം . 

തൊഴില്‍ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാറുള്ളത് തൊഴില്‍ കരാറിനെ അടിസ്ഥാനമാക്കിയാണന്നിരിക്കെ നിയമം അതീവ പ്രാധാന്യമുള്ളതാണന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.

Other News