റിയാദ്:സൗദി അറേബ്യയിൽ ദന്ത ഡോക്ടർമാരുടെ മേഖലയില്‍ സ്വദേശിവല്‍ക്കരണം അടുത്ത വർഷംമുതൽ നിര്‍ബന്ധിതമാക്കും.മാര്‍ച്ച് മുതല്‍ രണ്ടു ഘട്ടങ്ങളിലായി 55 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.സ്വദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴിലില്ലായ്മ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം.
സൗദിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉൾപ്പെടെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. അടുത്ത വര്‍ഷം മാര്‍ച്ച് 25 മുതല്‍ 25 ശതമാനവും രണ്ടാം ഘട്ടത്തില്‍ 2021 മാര്‍ച്ച് 14 മുതല്‍ 30 ശതമാനവുമാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുക.മൂന്നും അതില്‍ കൂടുതലും വിദേശ ദന്ത ഡോക്ടർമാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് പുതിയ തീരുമാനം ബാധകം.
ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സൗദി ദന്ത ഡോക്ടർമാര്‍ക്ക് പരിശീലനവും തൊഴില്‍ നിയമനവും നല്‍കുന്നതിന് മാനവശേഷി വികസന നിധി വഴി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
സൗദി ഹെല്‍ത്ത് സ്പെഷ്യാല്‍റ്റീസ് കമ്മീഷന് ലൈസന്‍സുള്ള 5,287 സൗദി ദന്ത ഡോക്ടമാരും 9,729 വിദേശ ദന്ത ഡോക്ടര്‍മാരും രാജ്യത്തുണ്ടെന്നാണ് കണക്ക്. കമ്മീഷന് ലൈസന്‍സുള്ള 3,116 ഡെന്റല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും രാജ്യത്തുണ്ട്. ഇതില്‍ 1,651 പേര് സൗദികളും ബാക്കി വിദേശികളുമാണ്.
വിദേശ ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് വിലക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ ധാരണയിലെത്തിയതായി ഈയിടെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. റിക്രൂട്ട്മെന്റ് നിര്‍ത്തുന്നതോടൊപ്പം സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ ഡോക്ടര്‍മാര്‍ക്കു പകരം സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് നീക്കമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 2027 ഓടെ 21,800 സ്വദേശി ദന്ത ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.