2016ന് ശേഷം ആദ്യമായി കുവൈത്ത് ഇറാനില്‍ സ്ഥാനപതിയെ നിയമിക്കുന്നു


AUGUST 14, 2022, 10:20 PM IST

കുവൈത്ത് സിറ്റി: നീണ്ട ആറു വര്‍ഷത്തിന് ശേഷം കുവൈത്ത് ഇറാനില്‍ സ്ഥാനപതിയെ നിയമിച്ചു. 2016ലാണ് കുവൈത്ത് തങ്ങളുടെ തെഹ്‌റാന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചത്. 

അംബാസഡറായി നിയമിക്കപ്പെട്ട ബാദര്‍ അബ്ദുല്ല അല്‍ മുനൈഖ് തെഹ്‌റാനില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദുല്ലാഹിയന് തന്റെ അധികാരപത്രം കൈമാറിയതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റില്‍ അറിയിച്ചു. മുനൈഖിനെ ഇറാനിലെ സ്ഥാനപതിയായി നിയമിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 

ഇറാനുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സൗദി അറേബ്യ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് പുതിയ നിയമനം. 

2016 ജനുവരിയില്‍ സൗദി അറേബ്യ പ്രമുഖ ഷിയ പുരോഹിതനെ വധിച്ചതിനെ തുടര്‍ന്ന് ഇറാനിലെ സൗദി എംബസി ആക്രമിക്കപ്പെട്ടതോടെയാണ് തെഹ്‌റാനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ റിയാദിനോടൊപ്പം ചേരുന്നതിന്റെ ഭാഗമായാണ് കുവൈത്ത് ഇറാനിലെ അംബാസഡറെ തിരിച്ചുവിളിച്ചത്. 

കഴിഞ്ഞ വര്‍ഷം ഇറാനുമായി സൗദി അറേബ്യ നേരിട്ട് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇറാഖിന്റെ മധ്യസ്ഥതയില്‍ അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടന്നതില്‍ ചില പുരോഗതികള്‍ ഉണ്ടായെങഅകിലും പൂര്‍ത്തിയായില്ലെന്നാണ് വിദേശകാര്യ മന്ത്രി അറിയിച്ചത്.

Other News