ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്കുമെന്ന് ഖത്തര്‍


OCTOBER 6, 2020, 6:19 AM IST

ദോഹ: കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി നല്കുമെന്ന് ദേശീയ ആരോഗ്യ കര്‍മപദ്ധതി ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍ അറിയിച്ചു. ആവശ്യമായ അളവില്‍ വാക്‌സിന്‍ നല്കുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കും. കോവിഡ് വാക്‌സിന് ലോകമെമ്പാടും വലിയ തോതില്‍ ആവശ്യക്കാരുള്ളതിനാല്‍ തുടക്കത്തില്‍ എല്ലാവര്‍ക്കുമായി നല്കാനാവില്ലെങ്കിലും ഏതാനും ആഴ്ചകള്‍ക്കകം വാക്‌സിന്‍ നല്കുന്നത് പൂര്‍ത്തിയാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ടി വി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 അവസാനത്തോടെ കമ്പനി ഉത്പാദിപ്പിക്കുന്ന 100 ദശലക്ഷം ഡോസ് വാക്‌സിനുകളില്‍ ഭൂരിഭാഗവും യു എസ്, യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് അയക്കുക. തുടര്‍ന്ന് 2021ല്‍ ഉത്പാദിപ്പിക്കുന്ന ഒരു ബില്യന്‍ ഡോസ് ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അയക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒന്നിലധികം കമ്പനികളില്‍ നിന്നും വാക്‌സിന്‍ വാങ്ങാനാണ് ഖത്തര്‍ തയ്യാറെടുത്തിരിക്കുന്നത്. അവ വേഗത്തലും ആവശ്യമായ അളവിലും ജനങ്ങളിലെത്തിക്കാനാണ് ശ്രമം. കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ കമ്പനികളുമായും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഇതിനകം ആശയവിനിമയം നടത്തിയിട്ടുണ്ട്. അവ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്നും അല്‍ഖാല്‍ അറിയിച്ചു. നിരവധി കമ്പനികളുമായി ഇപ്പോഴും ആശയവിനിമയം തുടരുകയാണെന്നും ഒരു കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചതായും അറിയിച്ച അദ്ദേഹം മറ്റ് കമ്പനികളുമായും ഉടന്‍ കരാറിലാകുമെന്നും വ്യക്തമാക്കി.

വ്യക്തിയുടെ ആരോഗ്യത്തിനും സമൂഹത്തിനും പൊതുജനാരോഗ്യത്തിനും പ്രധാനമാണ് കോവിഡ് വാക്‌സിന്‍. അതുകൊണ്ടുതന്നെ സൗജന്യമായി നല്കാനാണ് ഖത്തറിന്റെ പദ്ധതിയെന്ന് അദ്ദേഹം വിശദീകരിച്ചു. 

Other News