വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കായി ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകള്‍ റിയാദില്‍ എത്തി


NOVEMBER 24, 2021, 8:09 AM IST

റിയാദ്: തലകള്‍ കൂടിച്ചേര്‍ന്ന നിലയില്‍ ജനിച്ച ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ സല്‍മയെയും സാറയെയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ കൊണ്ടുവന്നു. മാതാപിതാക്കള്‍ക്കൊപ്പം ചൊവ്വാഴ്ചയാണ് ഈജിപ്തില്‍ നിന്ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചത്. ലോകത്ത് സൗദി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ റിയാദിലെത്തിക്കാനുള്ള തീരുമാനം.

നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷലിസ്റ്റ് ആശുപത്രിയില്‍ കുട്ടികളെ പ്രവേശിപ്പിച്ചു. വരും ദിവസങ്ങളില്‍ ആരോഗ്യ പരിശോധനകളും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ സാധ്യതാ പഠനത്തിനും വിധേയമാക്കും.

ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ കൂടി എത്തിച്ചതോടെ ആകെ റിയാദിലെത്തിച്ച് പരിശോധിച്ച സയാമീസ് ഇരട്ടകളുടെ എണ്ണം 118 ആകും. 22 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.

Other News