വാര്‍ധക്യം വൈകിപ്പിക്കാന്‍ മരുന്നു കണ്ടുപിടിച്ചെന്ന് അമേരിക്കന്‍ ഗവേഷകര്‍ 


MARCH 29, 2019, 7:50 PM IST

ഹൂസ്റ്റണ്‍: ജനിച്ചാല്‍ ഉറപ്പുള്ള കാര്യം മരണമാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം യുവത്വത്തിന്റെ പ്രസരിപ്പോടെ ജീവിക്കുവാനാണ് എല്ലാവര്‍ക്കും ആഗ്രഹം. പക്ഷേ, പ്രായം മുന്നോട്ടു പോകുമ്പോള്‍ മാംസപേശികള്‍ ചുരുങ്ങുകയും, ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ പ്രായമായെന്ന തോന്നല്‍ മനസില്‍ ഉടലെടുക്കുക സ്വഭാവികം. നിരാശപ്പെടാന്‍ വരട്ടെ, മാംസപേശികള്‍ ചുരുങ്ങുന്നതു തടയാനും, കരുത്തു നിലനിറുത്താനും കഴിയുന്ന മരുന്ന് കണ്ടുപിടിച്ചെന്ന് അമേരിക്കന്‍ ഗവേഷകര്‍ അവകാശപ്പെട്ടിരിക്കുന്നു. 

ഗാല്‍വസ്റ്റണിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിന്റെ മെഡിക്കല്‍ ബ്രാഞ്ചിലെ ഗവേഷകരാണ് പ്രായം 'വൈകിപ്പിക്കുന്നതിനുള്ള' മരുന്ന് കണ്ടെത്തിയതായി പറയുന്നത്. മാംസപേശികളിലെ സ്റ്റെം സെല്ലുകളിലുള്ള നിക്കോടൈനാമെഡ് എന്‍ മിതൈല്‍ട്രാന്‍സ്‌ഫെറസ് എന്ന പ്രൊട്ടീനാണ് പ്രായം മുന്നോട്ടുപോകുമ്പോഴുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ സെല്ലുകള്‍ക്ക് പുനര്‍ജീവനം നല്‍കിയാല്‍ മാംസപേശികളില്‍ യുവത്വത്തിന്റെ പ്രസരിപ്പ് വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

മാംസപേശികളുടെ ശോഷണം തടയാന്‍ നിലവില്‍ ചികിത്സകളൊന്നുമില്ലെന്ന് ഗവേഷക സംഘത്തിലെ അംഗമായ ഇന്ത്യന്‍ വംശജ ഹര്‍ഷിനി നീലകണ്ഠന്‍ പറഞ്ഞു. നിലവില്‍ കണ്ടെത്തിയിട്ടുള്ള മരുന്നിന്റെ ഉപയോഗം വഴി പ്രായമായവര്‍ക്ക് കൂടുതല്‍ ആരോഗ്യത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന് ഹര്‍ഷിനി അവകാശപ്പെട്ടു. 

മാംസപേശികളില്‍ പരിക്ക് സംഭവിച്ച പ്രായം ചെന്ന എലിയിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയതെന്ന് ബയോകെമിക്കല്‍ ഫാര്‍മക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാഴ്ച മരുന്നു നല്‍കിയപ്പോള്‍ മാംസപേശികള്‍ ഇരട്ടിയോളം വലുതായെന്നും, കൂടുതല്‍ കരുത്തു ലഭിച്ചുവെന്നും കണ്ടെത്തി. മരുന്ന് ഉപയോഗിച്ചതു കൊണ്ട് ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്നും രക്തപരിശോധനയിലൂടെ തെളിഞ്ഞു.