കോവിഡ് 19 വാക്സിനെടുക്കുമ്പോൾ


FEBRUARY 7, 2021, 12:50 PM IST

കോവിഡ് 19 വാക്സിൻ എടുക്കുന്നതിനായി പോകുന്നവർ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയൊരു വാക്സിനേഷൻ യജ്ഞത്തിലാണ് പങ്കെടുക്കുന്നത്. വാക്‌സിനേഷൻ പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ഭൂരിപക്ഷം പേർക്കും അറിയില്ല. പലരുടെയും മനസ്സിൽ നിരവധി ചോദ്യങ്ങളുണ്ട്. അവയ്ക്കുള്ള ഉത്തരങ്ങളാണ് ഇവിടെ നൽകുന്നത്. വാക്സിൻ സ്വീകരിക്കുന്നതിനായി എങ്ങനെ തയ്യാറെടുക്കണം , വാക്‌സിനേഷൻ പ്രക്രിയയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് ഡോക്ടർമാർ പറയുന്നത് കേൾക്കുക.

വാക്‌സിൻ എവിടെ? എപ്പോൾ?

വാക്സിൻ എടുക്കുന്ന സമയത്തിനായി രജിസ്റ്റർ ചെയ്യാം. അത് കാത്തിരിപ്പിന്റെ ദൈർഘ്യം കുറയ്ക്കും. നിങ്ങൾക്ക് നൽകുന്ന സമമതപത്രം ഒപ്പിട്ട് കൊടുക്കുകയും ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്യുക. അതിന് ശേഷം പാർശ്വഫലങ്ങൾ എന്തെങ്കിലും ഉണ്ടാകുന്നുണ്ടോയെന്നറിയാൻ 15-30 മിനുട്ടുകൾ സമയത്തേക്ക് നിങ്ങളെ നിരീക്ഷിക്കും. അത് ഒരാളുടെ അലർജി ചരിത്രത്തെ ആശ്രയിച്ചിരിക്കും. നിശയിച്ചുറപ്പിച്ച സമയത്താണ് പോകുന്നതെങ്കിൽ ഇതിനെല്ലാംകൂടി ഒരു മണിക്കൂറോളം സമയമെടുക്കും. അതിനു ശേഷം നിങ്ങൾക്ക് വീട്ടിൽ പോയി വിശ്രമിക്കാം. 

കൈയിൽ എന്തെല്ലാം കരുതണം?

വാക്സിൻ എടുക്കുന്ന സ്ഥലത്തേക്ക് ഫോട്ടോ പതിച്ച ഐഡിയും വാക്സിൻ എടുക്കുന്നതിനുള്ള സമയത്തിന്റെ അറിയിപ്പും തെളിവായി ഹാജരാക്കണം. ചില സ്ഥലങ്ങളിൽ അർഹത തെളിയിക്കുന്ന എംപ്ലോയീ ബാഡ്ജുകളും ഹാജരാക്കണം.പൊതുവിൽ വാക്സിൻ സ്വീകരിക്കുന്നവരോട് പണമൊന്നും  ആവശ്യപ്പെടാറില്ല. പണം ആവശ്യപ്പെടുന്നുവെങ്കിൽ എന്തിനെന്നു ചോദിക്കണം.  

ഏത് വാക്‌സിൻ?

യുഎസിൽ ഇപ്പോൾ രണ്ടു വാക്സിനുകളാണ് ലഭ്യമായുള്ളത്--ഫൈസറിന്റേതും മോഡണയുടേതും. അവ രണ്ടും ഫലപ്രദവും സുരക്ഷിതവുമാണ്. ഇതിൽ ഏതു വാക്സിനാണ് സ്വീകരിക്കുന്നത് എന്നതിനെയപേക്ഷിച്ച് രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിൽ സമയ വ്യത്യാസമുണ്ടാകും. ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസ് 21 ദിവസങ്ങൾക്കു ശേഷമാണ് സ്വീകരിക്കേണ്ടത്. മോഡേണ വാക്സിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസങ്ങൾക്കു ശേഷമാണ് സ്വീകരിക്കണം.

മുൻകരുതലുകൾ എന്തെങ്കിലും? 

ഭക്ഷണകാര്യത്തിൽ മുൻ കരുതലുകളൊന്നുമില്ല. കുത്തിവെപ്പുകൾ സ്വീകരിക്കുമ്പോഴോ രക്തം എടുക്കുമ്പോഴോ തലചുറ്റൽ അനുഭവപ്പെടുന്നവർ വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് നന്നായി  വെള്ളം കുടിക്കുന്നത് നല്ലതാണ്. 

പാർശ്വഫലങ്ങൾ ഉണ്ടാകുമോ?

അലർജി ഉൾപ്പടെയുള്ള പാർശ്വഫലങ്ങൾ അപൂർവമാണെങ്കിലും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞവരെ നിരീക്ഷിക്കുന്നതിനായി അവിടെത്തന്നെ തുടരാൻ ആവശ്യപ്പെടും. വാക്സിൻ സ്വീകരിച്ചതിനു ശേഷം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുന്നവർക്ക് അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി മെഡിക്കൽ പ്രൊഫഷണലുകളുടെ സഹായം തേടാവുന്നതാണ്. നഴ്‌സുമാർക്ക് കാണാൻ കഴിയുന്ന വിധത്തിൽത്തന്നെയാകും അവരെ ഇരുത്തുക. വാക്സിനുമായി നേരിട്ട് ബന്ധമൊന്നുമില്ലാതെ ഉൽക്കണ്ഠ കാരണവും ചിലർക്ക് മോഹാലസ്യമൊക്കെ സംഭവിച്ചെന്നിരിക്കും. 

വാക്സിൻ സ്വീകരിച്ചവരോട് 15 -30 മിനുട്ടുകൾ നിരീക്ഷണത്തിനായി അവിടെ തുടരുന്നതിനാകും ആവശ്യപ്പെടുക. ചിലർക്ക് വീടുകളിൽ മടങ്ങിയെത്തിയതിനു ശേഷം മണിക്കൂറുകൾ കഴിഞ്ഞാകും അലർജി അനുഭവപ്പെടുക. അവർ ഉടൻ മെഡിക്കൽ സഹായം തേടണം. 

വാക്സിൻ സ്വീകരിക്കുന്ന പലർക്കും പാർശ്വഫലങ്ങളൊന്നും  അനുഭവപ്പെടില്ലെങ്കിലും കൂടുതൽ രോഗപ്രതിരോധ ശേഷിയുള്ള  യുവാക്കൾ വാക്‌സിനോടും പ്രതിരോധശേഷി പ്രകടമാക്കും. അവർക്ക്  വാക്സിൻ സ്വീകരിക്കുന്ന സ്ഥലത്തുതന്നെ തളർച്ച, പേശി വേദന തുടങ്ങിയവ അനുഭവപ്പെടും. നേരത്തേ നടത്തിയ പഠനങ്ങളിൽ 55 വയസ്സ് കഴിഞ്ഞവർക്ക് വാക്സിനോടുള്ള പ്രതികരണശേഷി കുറവായിരിക്കുമെന്നാണ് കണ്ടെത്തിയത്. യുവാക്കൾക്കുള്ളത്രയും  പ്രതിരോധശേഷി അവർക്കില്ലായെന്നതാണ് കാരണം. നേരത്തെ കോവിഡ് ബാധിച്ചവരും വലിയ പ്രതിരോധശേഷി പ്രകടമാക്കും. 

പാർശ്വഫലങ്ങളെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടുന്നുവെങ്കിൽപ്പോലും വാക്സിൻ എടുക്കുന്നതിനു മുമ്പായി  ആന്റി പൈററ്റിക്സ് എന്നറിയപ്പെടുന്ന പനി കുറക്കുന്നതിനുള്ള മരുന്നുകൾ കഴിക്കണമെന്നു സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ശുപാർശ ചെയ്യുന്നില്ല. എന്നാൽ വാക്സിൻ സ്വീകരിച്ച ശേഷം പനിയോ അതെടുത്ത സ്ഥലത്ത് മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇബുപ്രോഫെൻ,അസെറ്റാഫിനോമിൻ തുടങ്ങിയ ആന്റി പൈററ്റിക്സ് കഴിക്കാവുന്നതാണ്.

വാക്‌സിനേഷൻ സെന്ററിൽ നിന്ന് കോവിഡ് പകരുമോ?

ഏതൊരു പൊതുസ്ഥലത്തും വൈറസ് ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വാക്സിൻ സ്വീകരിച്ച ദിവസമാണത് സംഭവിക്കുന്നതെങ്കിൽ അത് അധികമായ സംരക്ഷണമൊന്നും നൽകുകയില്ല. എന്നാൽ വാക്സിൻ നൽകുന്ന സ്ഥലങ്ങളിൽ അതനുസരിച്ചുള്ള മുൻ കരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. കസേരകൾ തമ്മിൽ ആറടി അകലമുണ്ടായിരിക്കുക, മാസ്ക് ധാരണം നിർബ്ബന്ധമാക്കുക, ശേഷിയിലധികം ആൾക്കാരെ പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ നടപടികൾ അതിലുൾപ്പെടും. 

സർട്ടിഫിക്കേറ്റുകൾ ലഭിക്കുമോ?

പ്രായപൂർത്തിയായവർക്ക് വാക്സിനേഷൻ കാർഡ് ലഭിക്കും. പേര്,  നമ്പർ,ഏത് വാക്സിനാണ് സ്വീകരിച്ചത്, രണ്ടാമത്തെ ഡോസ് എടുക്കേണ്ട തീയതി എന്നിവയെല്ലാം അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അവയെല്ലാം വാക്സിൻ ദാതാക്കളും സൂക്ഷിക്കുകയും ഇലക്ട്രോണിക് റെക്കോഡുകളിൽ ഉൾപ്പെടുത്തുകയും ചെയ്യും. പിന്നീട് ജോലി, യാത്ര തുടങ്ങിയ കാര്യങ്ങൾക്ക് ഈ രേഖകൾ ആവശ്യമായിത്തീരും. 

ആദ്യ ഡോസിൽ നിന്ന് തന്നെ പ്രതിരോധശേഷി ലഭിക്കുമോ?

ആദ്യ ഡോസ് സ്വീകരിക്കുമ്പോൾത്തന്നെ കുറെ സംരക്ഷണം ലഭിക്കുമെന്ന് ഡോക്ടർമാർ പറയും. എന്നാൽ ഫയ്‌സറിന്റെയും മോഡേണായുടെയും വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുത്ത  ഭൂരിപക്ഷം പേരും രണ്ടു ഡോസുകൾ സ്വീകരിച്ചു. എന്നാൽ സംരക്ഷണം എത്രത്തോളം ഉണ്ടാകുമെന്നും അതെത്രകാലം തുടരുമെന്നും കൃത്യമായി പറയാൻ കഴിയുന്ന സ്ഥിതിവിവര കണക്കുകളൊന്നുമില്ല. പ്രതിരോധ ശേഷി ദീർഘകാലം നിലനിൽക്കുന്നതിനാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽത്തന്നെ രണ്ട് ഡോസുകളും എടുക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. 

വാക്സിന്റെ പൂർണ്ണ സംരക്ഷണം ലഭിക്കാൻ എത്ര സമയമെടുക്കുമെന്നുള്ള ചോദ്യമുയരുന്നു. വാക്സിൻ സ്വീകരിച്ചതിനുശേഷം പ്രതിരോധശേഷി കെട്ടിപ്പടുക്കാൻ ഒരാളുടെ ശരീരം എത്രസമയം എടുക്കുന്നുവെന്നതിനെ ആശ്രയിച്ചാണ്  അതെന്നു സി ഡി സി പറയുന്നു. വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചതിനു ശേഷവും ഒന്നോ രണ്ടോ ആഴ്ചകളിൽ  പൂർണ്ണമായ സംരക്ഷണം ലഭിച്ചെന്നിരിക്കില്ല. വാക്സിൻ പഠനങ്ങളിൽ പങ്കാളികളായവരോട് എട്ടാഴ്ചക്കാലം സൂക്ഷിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. സംരക്ഷണം എത്ര നീണ്ടു നിൽക്കുമെന്നും മറ്റുമുള്ള വിവരങ്ങൾ ക്രമേണ ലഭ്യമാകും. 

വാക്‌സിനെടുത്താൽ മാസ്‌ക് ഉപേക്ഷിക്കാമോ?

വാക്സിനുകൾ 100% ഫലപ്രദമല്ലെന്നിരിക്കെ, പൂർണ്ണതോതിൽ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാലും മാസ്ക് ധാരണവും അകലം പാലിക്കുന്നതുമെല്ലാം പ്രധാനമാണ്. അവസാനഘട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞത് ഫൈസർ വാക്സിൻ 95% വും മോഡേണ വാക്സിൻ 94.1 % വും ഫലപ്രദമാണെന്നാണ്. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞ ആൾക്കാരും ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ വൈറസ് ബാധിതരാവുന്നതിനും അത് മറ്റുള്ളവരിലേക്ക് പകർത്തുന്നതിനും സാധ്യതയുണ്ട്. ഇത് സംബന്ധിച്ച ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്.