കോവിഡ്-19 മാനസികാഘാതമുണ്ടാക്കും 


AUGUST 10, 2020, 11:18 AM IST

കോവിഡ്-19  രോഗത്തിന് ആശുപത്രിയിൽ ചികിത്സ ലഭിച്ചവരിൽ പകുതിയിലധികം പേർക്കും  ഒരു മാസത്തിനു ശേഷം മാനസികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നതായി പഠനം. 

വൈറസ് ചികിത്സക്ക് ശേഷം പഠനത്തിന് വിധേയരായ 402 പേരിൽ 55%വും ഏതെങ്കിലും രൂപത്തിലുള്ള മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നതായി മിലാനിലെ സാൻ റാഫെയ്ൽ ആശുപത്രിയിലെ വിദഗ്ധർ കണ്ടെത്തി. ക്ലിനിക്കൽ അഭിമുഖങ്ങളിലൂടെയും തയ്യാറാക്കിയ ചോദ്യാവലിക്ക് രോഗികളായിരുന്നവർ സ്വയം നൽകിയ വിലയിരുത്തലുകളിലൂടെയുമാണ് ഇത് കണ്ടെത്തിയത്.

ഇങ്ങനെ കണ്ടെത്തിയവരിൽ 28% പേർക്ക് മാനസിക സമ്മർദ്ദങ്ങളും 31% പേർക്ക് വിഷാദരോഗവും 42% പേർക്ക് ഉൽക്കണ്ഠയുമാണ് അനുഭവപ്പെടുന്നത്. ഇതിനു പുറമെ 40% പേർക്ക് ഉറക്കമില്ലായ്മയും 20% പേർക്ക് അനാവശ്യമായ ചിന്തകളും ഭീതിയും അനുഭവപ്പെടുന്നു.  വൈറസ് പരത്തുന്ന മാനസിക ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ് ഈ കണ്ടെത്തലുകൾ. 

ബ്രെയിൻ, ബിഹേവിയർ ആൻഡ് ഇമ്മ്യൂണിറ്റി എന്ന ജേണലിൽ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ്-19 ചികിത്സ കഴിയുന്നവരിൽ ഉണ്ടാകുന്ന മാനസികാഘാതങ്ങൾ കണക്കിലെടുത്ത് ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്തണമെന്നും മാനസിക ചികിത്സ നൽകണമെന്നും അതിൽ പറയുന്നു. 

265 പുരുഷന്മാരെയും 137 സ്ത്രീകളെയുമാണ് പഠന വിധേയമാക്കിയത്. കോവിഡ്-19 രോഗം കാരണം മരിക്കാൻ പുരുഷന്മാരേക്കാൾ സാധ്യത കുറവായ സ്ത്രീകളിലാണ് മാനസികാഘാതം കൂടുതലായി കണ്ടത്. നേരത്തെ മാനസിക പ്രശ്നങ്ങളുടെ ചരിത്രമുണ്ടായിരുന്ന രോഗികൾക്ക് അതില്ലാതിരുന്നവരേക്കാൾ കൂടുതൽ മാനസികാഘാതം അനുഭവെപ്പടുകയുംചെയ്തു.

വൈറസിനോടുള്ള പ്രതിരോധത്തിന്റെ ഫലമായി മാനസികാഘാതം സംഭവിച്ചേക്കാം.അതല്ലെങ്കിൽ സാമൂഹ്യമായ ഒറ്റപ്പെടലുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങൾ, രോഗത്തിന്റെ മാരകസ്വഭാവം, മറ്റുള്ളവരിൽ രോഗം വ്യാപിക്കുന്നതിലുള്ള ഉത്കണ്ഠ, അപകർഷതാബോധം എന്നിവയുണ്ടാക്കുന്ന മാനസികപ്രയാസങ്ങളും ഇതിന് കാരണമാകാറുണ്ട്.

 കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് സാർസ് ഉൾപ്പടെയുള്ള സാംക്രമികരോഗങ്ങളെ സംബന്ധിച്ച് നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകൾക്കനുരോധമാണ് ഇപ്പോഴത്തെയും കണ്ടെത്തലുകളെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ  ഡോക്ടർ മാരിയോ ഗെന്നാരോ മാസ പറയുന്നു. രോഗമുക്തി നേടിയ ഘട്ടത്തിൽ അവർക്കിടയിലും 10% മുതൽ 35%വരെ ആൾക്കാരിൽ മാനസികാഘാതങ്ങൾ പ്രകടമായിരുന്നു. കോവിഡ് 19 രോഗികളുടെ തലച്ചോറിന് കുഴപ്പങ്ങൾ സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് യുകെയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. തലച്ചോറിന് വീക്കം, സ്ട്രോക്ക്, മാനസികവിഭ്രാന്തി എന്നിവയെല്ലാം കൊറോണ വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നതായി അവർ പറഞ്ഞു.