മുഖക്കുരുവിന് പ്രകൃതിദത്ത പ്രതിവിധികൾ


JULY 16, 2019, 4:07 PM IST

മുഖക്കുരുകാരണം വിഷമങ്ങൾ അനുഭവിക്കുന്നവർ നിരവധിയാണ്. അതുണ്ടാക്കുന്ന അപകർഷതാബോധം കാരണം പൊതുസദസ്സുകളിൽ നിന്ന് മാറി നിൽക്കുക, അഭിമുഖ പരീക്ഷകളെ ആത്മവിശ്വാസത്തെ നേരിടാതിരിക്കുക, അങ്ങിനെ പ്രശ്‌നങ്ങൾ നിരവധി. എന്നാൽ മുഖക്കുരുവിന് നാടൻ പ്രകൃതിദത്ത ആയുർവേദ പരിഹാരങ്ങൾ ഉണ്ടെന്നതാണ് സത്യം. ഇത്തരം ചികിത്സാരീതികൾ കെമിക്കൽ ഉപയോഗിച്ച് നിർമ്മിക്കുന്ന നിരവധി ക്രീമുകളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ നിന്നും മുക്തവുമാണ്. സുരക്ഷിതമായി സൈഡ് എഫക്ട്‌സിനെ പേടിക്കാതെ ഉപയോഗിച്ച് മുഖക്കുരുവിൽ നിന്ന് മുക്തി നേടാം എന്നർത്ഥം.

നാടൻ പ്രതിവിധികൾ

ഒരു ടീസ്പൂൺ ഓറഞ്ച് നീരിൽ പഞ്ഞി മുക്കി  മുഖത്ത് ഉരസുക. അഞ്ച് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖക്കുരു മാറി മുഖചർമം മൃദുവും തിളക്കമാർന്നതുമാകും.

ചെമ്പുപാത്രത്തിൽ സൂക്ഷിച്ച തൈര് മുഖത്തു പുരട്ടിയാൽ മുഖക്കുരു മാറും. കടലമാവും രക്തചന്ദനവും പാലിൽ ചേർത്ത് മുഖത്ത് തേയ്ക്കുക. അര മണിക്കൂറിനു ശേഷം മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. തേങ്ങാവെള്ളം കൊണ്ട് മുഖം കഴുകുക.

കസ്തൂരിമഞ്ഞൾപ്പൊടിയും പനിനീരും യോജിപ്പിച്ച് വെയിലത്തുവെച്ച് ചൂടാക്കി പുരട്ടുക.  

മുഖക്കുരു ഉള്ളവർ ശ്രദ്ധിക്കുക

ദിവസവും രണ്ടുമൂന്നു തവണയെങ്കിലും ഇളംചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് മുഖം കഴുകിയശേഷം സാവധാനം തുടച്ചുവൃത്തിയാക്കുക.

കൂടുതലായി യാത്ര ചെയ്യുന്നയാളാണെങ്കിൽ മുഖം കൂടുതൽ തവണ കഴുകി വൃത്തിയാക്കണം.

പോഷകഗുണങ്ങളടങ്ങിയ ഭക്ഷണവും ശരിയായ വ്യായാമവും ശീലമാക്കുക.

ചർമസംരക്ഷകനെയോ ത്വക്‌രോഗ വിദഗ്ധനെയോ കണ്ട് ഉപദേശാനുസരണം മാത്രമേ പ്രതിവിധികൾ ചെയ്യാൻ പാടുള്ളൂ.

 ചെയ്യരുതാത്തത്

മുഖം അമിതമായി തിരുമ്മിക്കഴുകുന്നതും ശക്തികൂടിയ സോപ്പുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക.

ഹെയർ ഓയിലിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. പറ്റുമെങ്കിൽ ഹെയർ ഓയിൽ ഉപയോഗിക്കാതിരിക്കുക.

വെറുതെയിരിക്കുമ്പോൾ കണ്ണാടിയിൽ നോക്കി മുഖക്കുരു ഞെക്കുകയോ മുഖക്കുരുവിന്റെ കണ്ണ് നുള്ളുകയോ ചെയ്യരുത്. ഇത് മുഖത്ത് മാറാത്ത പാടുകളുണ്ടാക്കും. മുഖക്കുരു പടരാനും ഇടയാക്കാം.

വിദഗ്ധരില്ലാത്ത സൗന്ദര്യ കേന്ദ്രങ്ങളിൽച്ചെന്ന് ഫേഷ്യൽ, ബ്ലീച്ചിങ്, മസാജ് എന്നിവ നടത്താതിരിക്കുക.

പരസ്യങ്ങളുടെ പുറകെ പാഞ്ഞ് ക്രീമുകളും ലേപനങ്ങളും വാങ്ങി സ്വന്തം മുഖത്ത് പരീക്ഷിക്കരുത്.

മുഖകാന്തി വർധിപ്പിക്കുന്നതിൽ ക്രീമുകൾക്ക് വലിയ പങ്കൊന്നുമില്ല. എല്ലാതരം ചർമങ്ങൾക്കും ചേരുന്ന ഒരു ഒറ്റമൂലി ക്രീം ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നറിയുക. 

മുഖക്കുരുവിന് ആയുർവേദം

ശോണിതാമൃതം കഷായം 15 മില്ലീലിറ്ററിൽ തിളപ്പിച്ചാറിയ വെള്ളം 45 മില്ലിലിറ്റർ, തേൻ ഒരു ടീസ്പൂൺ ഇവ ചേർത്ത് വെറുംവയറ്റിലും വൈകുന്നേരം ആറുമണിക്കും സേവിക്കുക. 

ദ്രാക്ഷാരിഷ്ടം 30 മില്ലിലിറ്റർ വീതം ഉച്ചയ്ക്കും രാത്രിയും ഭക്ഷണശേഷം സേവിക്കുക. 

പഞ്ചഗന്ധ ചൂർണം പാലിൽ കുഴച്ച് ഫേസ്പാക്ക് പോലെ മുഖത്ത് ലേപനം ചെയ്യുക. ഉണങ്ങിക്കഴിഞ്ഞാൽ നീക്കി തിളപ്പിച്ചാറിയ വെള്ളത്തിൽ മുഖം കഴുകി ഒപ്പിയെടുക്കുക.