പ്രോസസ്‌ഡ്‌ ഫുഡ് രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14 കുറയുന്നുവെന്ന് പഠനം


MARCH 5, 2019, 5:31 PM IST

പ്രോസസ്‌ഡ്‌ ഫുഡ് അഥവാ അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം - തലക്കെട്ട് ഇംഗ്ലീഷിലാക്കിയത് മനപൂർവ്വമാണ്. ഇനി 'സംസ്കരിക്കപ്പെട്ട ഭക്ഷണം' എന്നൊക്കെ വായിച്ച് ഇത് നമുക്കുള്ളതല്ല എന്ന് ആരെങ്കിലും ചിന്തിച്ചാലോ എന്ന് വിചാരിച്ച്. കാരണം, കാര്യം ഗുരുതരമാണ്. അമേരിക്കയിലെന്നല്ല, ലോകത്തെമ്പാടും. ആഴത്തിൽ വേരോടിയ ഭക്ഷണ സംസ്കാരമുള്ള രാജ്യങ്ങളിലും ദേശങ്ങളിലും പോലും 'പ്രോസസ്‌ഡ്‌ ഫുഡ്' മുഖ്യഭക്ഷണമായിക്കഴിഞ്ഞു.
ഏറെ പഠനങ്ങൾ നടന്ന മേഖലയാണിത്. 'ജങ്ക് ഫുഡ്' എങ്ങിനെ 'പൊണ്ണത്തടി'(ഒബീസിറ്റി)യിലേക്കും അനാരോഗ്യത്തിലേക്കും ഒടുവിൽ അകാലമരണത്തിലേക്കുമൊക്കെ വലിയൊരു ശതമാനം ആളുകളെ, പ്രത്യേകിച്ച് സമ്പന്നവും സമീകൃതവുമായ ആഹാരം കഴിക്കാൻ നിവൃത്തിയില്ലാത്തവരെ, തള്ളിവിടുന്നു എന്നൊക്കെ വായിച്ചറിഞ്ഞ ശേഷമാണ് നാമിപ്പോഴും 'ജങ്ക്' ആണെന്നറിഞ്ഞും അറിയാതെയും അമിതമായി സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത്.

ഇത്ര നാളും ഒന്നും പഠിച്ചില്ലെങ്കിൽ ഏറ്റവും എളുപ്പത്തില്‍ വിശപ്പകറ്റാന്‍ (പിന്നെ വെറുതെ കൊറിക്കാനും കഴിക്കാനും) പാകം ചെയ്ത ഇഷ്ടവിഭവങ്ങള്‍ തേടി മാളുകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും പോകുന്നവര്‍ക്ക് ഇതാ വീണ്ടുമൊരു മുന്നറിയിപ്പ്: ടിന്നുകളിലും പാക്കറ്റുകളിലും വില്‍പ്പനക്കായി ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ സംസ്‌ക്കരിക്കപ്പെടുന്നത് സൗന്ദര്യവര്‍ധക വസ്തുക്കളിലും സാങ്കേതിക ഉപകരണങ്ങളിലും ചേര്‍ക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചാണെന്നും ഇവയുടെ ഉപയോഗം ആയുസിന്റെ ദൈര്‍ഘ്യം കുറക്കുമെന്നും ഫ്രാന്‍സില്‍ നടന്ന പഠനം പറയുന്നു.

ഇത്തരം ഭക്ഷണവിഭവങ്ങള്‍ കഴിക്കുന്നത് മൂലം ആയുസ്സിന്റെ 14 ശതമാനമാണ് നഷ്ടപ്പെടുകയെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. നാടൻ ഭാഷയിൽ പറഞ്ഞാൽ 80 വയസുവരെ ജീവിക്കേണ്ട നിങ്ങൾ ഇതൊക്കെ കഴിച്ച് കുംഭ വീർപ്പിച്ചാൽ എഴുപത് ആകുമ്പോൾ 'വടി'യാകുമെന്ന്... സംസ്‌ക്കരിച്ച ഭക്ഷ്യവിഭവങ്ങള്‍ എങ്ങിനെ ആരോഗ്യം ക്ഷയിപ്പിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനായി 44,551 ഫ്രഞ്ച് പൗരന്മാരെയാണ് നിരീക്ഷണ വിധേയരാക്കിയത്. പങ്കെടുത്തവരുടെ കൂടിയ പ്രായം 57ഉം കുറഞ്ഞപ്രായം 45ഉം ആയിരുന്നു. ഇവരിൽ 73 ശതമാനവും സ്ത്രീകള്‍.

ശാസ്ത്രജ്ഞരെ ഞെട്ടിച്ചുകൊണ്ട് ഇതില്‍ 602 പേര്‍ സര്‍വേ കാലയളവില്‍ തന്നെ മരണപ്പെട്ടു. ശരീരഭാരത്തിന്റെ 14 ശതമാനത്തിന് കാരണമാകുന്നത് സംസ്ക്കരിച്ച ഭക്ഷ്യവിഭവങ്ങളാണെന്നും കുറഞ്ഞ പ്രായമുള്ളവരും ഒറ്റയ്ക്ക് താമസിക്കുന്നവരും ധനസ്ഥിതി, വിദ്യാഭ്യാസം എന്നിവ കുറഞ്ഞവരുമാണ് ഇത്തരം ഭക്ഷണരീതി അവലംബിക്കുന്നതെന്നും പഠനം കണ്ടെത്തി.

കുറഞ്ഞ അളവില്‍ ശാരീരിക അധ്വാനം നടത്തുന്നവരും കൂടിയ അളവില്‍ 'ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) ഉള്ളവരുമാണ് സംസ്‌ക്കരിച്ച ഭക്ഷ്യവസ്തുക്കളിലെ വിഷാംശത്തിന് ഇരയാകുന്നത്. പ്രയാപൂര്‍ത്തിയായ ഒരു യുഎസ് പൗരവ്യക്തി 61 ശതമാനവും കനേഡിയന്‍ പൗരവ്യക്തി 62 ശതമാനവും ബ്രിട്ടീഷ് പൗരവ്യക്തി 63 ശതമാനവും അമിതമായി സംസ്‌ക്കരിച്ച ഭക്ഷണം അകത്താക്കുന്നു എന്നതാണ് മറ്റൊരു കണക്ക്.

ഇവിടങ്ങളിലെ വര്‍ധിച്ചുവരുന്ന അമിതവണ്ണം, കൂടിയ രക്തസമ്മര്‍ദ്ദം,കാന്‍സര്‍ എന്നിവയുടെ കാരണം തേടി കൂടുതല്‍ അലയേണ്ടതില്ലെന്നും വില്ലന്‍ അമിതമായി സംസ്‌ക്കരിക്കപ്പെട്ട ഭക്ഷണം തന്നെയാണെന്നുമാണ് ഇതിനെക്കുറിച്ച് ശാസ്ത്രജ്ഞരുടെ കമന്റ്.
എന്നാലിനിയൊരു (ലൈഫ്‌ സ്റ്റൈൽ) 'ചേഞ്ച്' ആയിക്കൂടെ മാഷെ?