രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മുരിങ്ങയില


MARCH 22, 2018, 2:34 PM IST

പോഷക സമൃദ്ധമായ ഔഷധ സസ്യമാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും കായും ഭക്ഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ മുരിങ്ങത്തൊലി ഔഷധാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. വാതരോഗങ്ങള്‍ക്കുള്ള തൈലങ്ങള്‍ക്ക് മുരിങ്ങയിലയും തൊലിയും ഉപയോഗിക്കാറുണ്ട്. ചിഞ്ചാദി തൈലം, കൊട്ടം ചുക്കാദി തൈലം എന്നിവയിലെ പ്രധാന ചേരുവ ഇലയും തൊലിയുമാണ്. മുരിങ്ങക്കുരു ലൈംഗിക ഉത്തേജക ഔഷധമായി ഉപയോഗിക്കുന്നു. മുരിങ്ങാക്കായ കറികള്‍് തയ്യാറാക്കാന്‍ ഉപയോഗിക്കുമ്പോള്‍ മുരിങ്ങയില തോരനാക്കി ഉപയോഗിക്കാം. മുരിങ്ങയില പതിവായി കഴിക്കുന്നതു ശീലമാക്കിയാല്‍ രക്തസമ്മര്‍ദം കുറയും. മുരിങ്ങയിലച്ചാറ് തേന്‍ ചേര്‍ത്ത് രാത്രി കഴിച്ചാല്‍ രാക്കണ്ണ് കാണായ്ക ശമിക്കും. കുട്ടികളുടെ വളര്‍ച്ചയ്ക്കും എല്ലിനും പല്ലിനും ശക്തികൂടാനും മുരിങ്ങയില സൂപ്പാക്കി കൊടുക്കാം. വിഷജന്തുക്കള്‍ കടിച്ച ഭാഗത്ത് മുരിങ്ങത്തോല്, തഴുതാമവേര്, അമരിവേര്, തകരക്കുരു, വയമ്പ്, വരട്ടുമഞ്ഞള്‍ ഇവ തുളസിയില നീരില്‍ അരച്ചുപുരട്ടിയാല്‍ വിഷം ശമിക്കുകയും വീക്കവും വേദനയും കുറയുകയും ചെയ്യും. കുളിക്കാനുള്ള വെള്ളത്തില്‍ മുരിങ്ങയില, വാതങ്കൊല്ലിയില, മുരിക്കില, ഉമ്മത്തിന്റെ ഇല ഇവ ചതച്ചിട്ട് തിളപ്പിച്ചാറിയ വെള്ളംകൊണ്ട്് കുളിച്ചാല്‍ ശരീരവേദന കുറഞ്ഞ് ഊര്‍ജ്ജ സ്വലത കൈവരും. വാതരോഗ ശമനത്തിനു ഇതു നന്ന്. പോഷക ന്യൂനത, വിളര്‍ച്ച, ബലക്ഷയം, ജലദോഷം എന്നിവയ്ക്കു മുരിങ്ങയിലയുടെ പതിവായ ഉപയോഗം ഗുണം ചെയ്യും. വീട്ടുവളപ്പില്‍ കമ്പുവെച്ചു പിടിപ്പിച്ചാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ളത് അപ്പപ്പോള്‍ ഉപയോഗിക്കാം