വയര്‍ കുറയ്ക്കാന്‍ പിന്തുടരേണ്ട ശീലങ്ങള്‍


APRIL 26, 2019, 4:29 PM IST

എത്ര വ്യായാമം ചെയ്തിട്ടും വയര്‍ കുറക്കാനാകാതെ നിരാശരായവര്‍ അറിയേണ്ടത് വയര്‍ കുറയ്ക്കാനായി വ്യായാമം മാത്രം മതിയാകില്ല എന്നതാണ്. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. വയര്‍കുറയ്ക്കാനുള്ള ചില പോവംവഴികളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്:

വ്യായാമം: തീര്‍ച്ചയായും വ്യായാമം തന്നെയാണ് ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ ആദ്യം വേണ്ടത്. വയര്‍ കുറയ്ക്കാനായി നിരവധി വ്യായാമ മുറകളുണ്ട്. ജിമ്മിലൊന്നും പോകാതെ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നവ. അവ സ്ഥിരമായി പ്രാക്ട്രീസ് ചെയ്താല്‍ കുടവയര്‍ കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍, എല്ലാം എല്ലാവര്‍ക്കും ചെയ്യാനുള്ളതല്ല. ശരീരസ്ഥിതി, ആവശ്യം, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് വ്യായാമമുറകള്‍ പരിശീലിക്കേണ്ടത്.

പലതരം വ്യായാമങ്ങള്‍

1. എയ്‌റോബിക്

പേരുപോലെതന്നെ എയറിന്റെ അഥവാ ഓക്‌സിജന്റെ സഹായത്തോടെ ചെയ്യുന്ന വ്യായാമങ്ങളാണിവ. ഭക്ഷണത്തില്‍നിന്ന് ഓക്‌സിജന്റെ സഹായത്താലാണ് ശരീരത്തിനാവശ്യമായ ഊര്‍ജം ലഭ്യമാക്കുന്നത്. എയറോബിക് എക്‌സര്‍സൈസിന്റെ ചുരുക്കപ്പേരാണ് എയറോബ്‌സ്.

വ്യായാമം ചെയ്യുമ്പോള്‍ കിതപ്പ് അനുഭവപ്പെടില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. സംസാരിച്ചുകൊണ്ടുതന്നെ ചെയ്യാമെന്നര്‍ഥം. വിയര്‍ക്കുകയും നെഞ്ചിടിപ്പ് കൂടുകയുമൊക്കെ ചെയ്യുമെങ്കിലും ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടേണ്ടിവരില്ലെന്നതാണ് മേന്മ.

2. അനിറോബിക്

ഇവ പരിശീലിക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും കിതപ്പും ഉണ്ടാകാറുണ്ട്. ശരീരത്തിന് ആ പ്രവൃത്തി ചെയ്യാന്‍ ആവശ്യമായ ഓക്‌സിജന്‍ അപ്പോഴില്ലെന്നതിന്റെ സൂചനയാണിത്. ശരിയായി പരിശീലിക്കാത്തിടത്തോളം അനിറോബിക് മുറകള്‍ സാധാരണക്കാര്‍ക്ക് അഭികാമ്യമല്ല.

അല്ലെങ്കില്‍ ലാക്ടിക് ആസിഡ്, ഫ്രീ റാഡിക്കല്‍ തുടങ്ങിയ രാസമാലിന്യങ്ങള്‍ ശരീരത്തില്‍ അടിയാന്‍ ഇടയാക്കും. എയറോബിക് വ്യായാമങ്ങളിലും ഇതിനു സാധ്യതയുണ്ടെങ്കിലും ഓക്‌സിജന്റെ സഹായത്താല്‍ ഏറെക്കുറേ പുറന്തള്ളപ്പെടും. അതിനാല്‍ എയറോബിക് വ്യായാമങ്ങളാണ് കൂടുതലായി തിരഞ്ഞെടുക്കേണ്ടത്. ഇതു കൂടാതെ ഫ്‌ലെക്‌സിബിള്‍, ബാലന്‍സ്ഡ് വ്യായാമങ്ങളും ഉണ്ട്.

നിയന്ത്രണം വേണം

ദിവസം അരമണിക്കൂര്‍വീതം ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും കൃത്യമായി ചെയ്യുന്ന മിതമായ വ്യായാമമാണ് ഗുണകരം. ആവശ്യമെങ്കില്‍ സമയം പതുക്കെ കൂട്ടി ഒന്നോ ഒന്നരയോ മണിക്കൂറാക്കാം. ജിമ്മില്‍ പോകുന്നവരാണെങ്കില്‍ ഇതിന് ഒരു പരിശീലകന്റെ സഹായം തേടാം.

വണ്ണം കുറയ്ക്കാനുള്ളതാണ് വ്യായാമമെന്നാണ് ചിലരുടെ ധാരണ. അതുകൊണ്ടുതന്നെ വണ്ണമില്ലെന്നു കരുതി വ്യായാമം വേണ്ടെന്നുവയ്ക്കുന്നവരും കുറവല്ല. ഇതു ശരിയല്ല. വളര്‍ച്ചയില്‍ ആഹാരത്തിനുള്ള അതേ സ്ഥാനമാണ് വ്യായാമത്തിനുമുള്ളത്. 

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക

വയറൊതുങ്ങാന്‍ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റ് പിന്തുടരുന്നതാണ് നല്ലതെന്നാണ് ഡയറ്റീഷ്യന്‍സ് നിര്‍ദ്ദേശിക്കുന്നത്. ഇത്തരം ഡയറ്റില്‍ ശരീരത്തിലെ പേശീഭാരം അല്‍പം കുറയുന്നുണ്ടെങ്കിലും കൊഴുപ്പ് നഷ്ടമാണ് കൂടുതലുണ്ടാവുന്നത്. അതുകൊണ്ട് കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോഴാണ് കൂടുതല്‍ ഗുണകരമായ ഭാരം കുറയ്ക്കല്‍ നടക്കുന്നത്. എന്നാല്‍ അമിതമായി കാര്‍ബോഹൈഡ്രേറ്റ് കുറയാനും പാടില്ല. തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ ഭക്ഷണത്തില്‍ ദിവസവും 120 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ് എങ്കിലും വേണം. 

ബ്രേക്ഫാസ്റ്റ് ബ്രേക് ചെയ്യരുത്

രാവിലെ വയറ് കാലിയാക്കി ജോലിയ്ക്ക് പോകുന്ന ശീലമുണ്ടെങ്കില്‍ ആ പതിവ് നിര്‍ത്തുന്നതാണ് നല്ലത്. ശരീരസൗന്ദര്യത്തെ ബാധിക്കുമെന്നതുമാത്രമല്ല, അത് അനാരോഗ്യകരമായ പ്രവണതയുമാണ്.

രാവിലെ എട്ടുമണിയോടെ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. അന്നജം മാത്രമാവരുത്. 

നോമ്പുനോറ്റിട്ടു കാര്യമില്ല

പെട്ടന്ന് വയറുകുറയാന്‍ പട്ടിണി കിടന്നിട്ട് കാര്യമില്ല. മിതമായ അളവില്‍ എല്ലാ നേരവും ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മൂന്നു നേരം വയര്‍ നിറച്ചും കഴിക്കുന്നതിന് പകരം അഞ്ചോ ആറോ തവണ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക. 

രാത്രി വളരെ വൈകി ചോറു പോലുള്ള അരിയാഹാരം കഴിക്കുന്നത് വയറുചാടാന്‍ ഇടയാക്കും. രാത്രി വൈകിയാണ് ഭക്ഷണമെങ്കില്‍ അത് ലഘുവായ തോതിലാവുന്നതാണ് നല്ലത്. 

സംസ്‌കരിച്ച ഭക്ഷണം അപകടം

മധുരം, ഉപ്പ്, ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വണ്ണം പെട്ടന്ന് വയ്ക്കാന്‍ ഇടയാക്കും. ഇത് മൂന്നും അടങ്ങിയയാണ് മിക്ക സംസ്‌കരിച്ച ഭക്ഷണങ്ങളും. കാലറി മൂല്യവും വളരെ ഉയര്‍ന്നതായിരിക്കും. അതുകൊണ്ട് വയറ് കുറയ്ക്കാന്‍ നോക്കുന്നവര്‍ ബേക്കറി സാധനങ്ങള്‍, ചിപ്‌സ് പോലുള്ള വറപൊരികള്‍, ഇന്‍സ്റ്റന്റ് ഭക്ഷണങ്ങള്‍ എന്നിവയെല്ലാം മാറ്റി നിര്‍ത്തുക

കോളവേണ്ട,വെള്ളം മതി

കടയില്‍ നിന്നും വാങ്ങുന്ന മധുര ശീതള പാനീയങ്ങളില്‍ മധുരത്തിനായി ചേര്‍ക്കുന്നത് ഫ്രക്ടോസ് കോണ്‍ സിറപ്പാണ്. ഈ ഘടകം മറ്റ് മധുരങ്ങളേക്കാള്‍ വേഗം ആഗിരണം ചെയ്യപ്പെട്ട് വയറിനു ചുറ്റും വിസറല്‍ കൊഴുപ്പായി അടിയും. കാലറിയും കൂടുതലാണ്. 

മദ്യവും ബിയറും ഒഴിവാക്കാം

ബിയര്‍ ബെല്ലി എന്നൊരു വിശേഷണം കൂടി ഉണ്ട് കുടവയറിന്. ഏത് മദ്യവും ശരീരത്തിന് ദോഷമാണ്. ഒരു ഗ്രാം ആല്‍ക്കഹോളില്‍ നിന്നും ഏഴ് കാലറിയാണ് ലഭിക്കുക. ഒരു സ്‌മോളില്‍ 10 ഗ്രാം ആല്‍ക്കഹോള്‍ ഉണ്ട്. എന്നാല്‍ ശരീരത്തിന് ഗുണകരമായ വൈറ്റമിനുകളോ ധാതുക്കളോ ഇല്ലതാനും. ശരീരത്തിലെത്തുന്ന ഈ അമിത നിര്‍ഗുണ ഊര്‍ജം കൊഴുപ്പായി അടിയും. 

നടത്തം

ദിവസവും 10000 ചുവട് നടക്കുന്നവര്‍ക്ക് വയര്‍ ചാടില്ല. നടക്കാന്‍ സാധിക്കാത്തവര്‍ക്ക് ദൈനംദിന ജോലികളെ വ്യായാമമാക്കി മാറ്റാം. നടന്നുകൊണ്ട് ഫോണില്‍ സംസാരിക്കുക, പടി കയറുക എന്നിവ ശീലമാക്കാം. 

കലോറി നോക്കി ആഹാരം തെരഞ്ഞെടുക്കാം

ഓരോ പാക്കറ്റ് ഫുഡിലേയും ആകെയുള്ള കാലറി, ഷുഗര്‍ അളവ്, കൊഴുപ്പ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ അറിയാന്‍ നല്ല മാര്‍ഗം ലേബല്‍ നോക്കുകയാണ്. അവ നോക്കി ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് മനസ്സിലാക്കാം.