ആധാറുമായി ബന്ധപ്പെടുത്താത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കും


JULY 16, 2019, 11:45 AM IST

ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാന്‍ കാര്‍ഡുകളും ഓഗസ്റ്റ് 31നുശേഷം  അസാധുവാക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നു.ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ഈ വര്‍ഷം മുതല്‍ ആധാര്‍ ഉപയോഗപ്പെടുത്താമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ആധാറും പെര്‍മനന്റ് അക്കൗണ്ട് നമ്പറും (പാന്‍) പരസ്പരം മാറി ഉപയോഗിക്കുന്നതിന് കഴിയും വിധമാക്കുമെന്നായിരുന്നു പ്രഖ്യാപനം.

നിലവിലുള്ള പാന്‍ കാര്‍ഡുകള്‍  ഉപയോഗിക്കണമെങ്കില്‍ അവയെ ആധാറുമായി ബന്ധിപ്പിക്കണം.അല്ലാത്തപക്ഷം അവ പ്രവര്‍ത്തന രഹിതമാക്കും. നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ ഉപയോഗിച്ചാല്‍ മതിയാകും. ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിച്ചിട്ടില്ലാത്തവരോ  അല്ലെങ്കില്‍ പാന്‍ കാര്‍ഡ് ഇല്ലാത്തവരോ  നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുമ്പോള്‍ രേഖപ്പെടുത്തുന്ന ആധാര്‍ നമ്പറിന്റെ പേരില്‍ ഒരു പാന്‍ നമ്പര്‍ സൃഷ്ടിക്കപ്പെടും. ഈ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യും.ഇന്ത്യയിലിപ്പോള്‍ 400 മില്യനോളം പാന്‍  കാര്‍ഡുകളുണ്ട്. അവയില്‍ 220 മില്യനോളം പാന്‍ കാര്‍ഡുകള്‍ മാത്രമേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളു. ആധാറും പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗവണ്മെന്റ് ആരംഭിച്ചുവെങ്കിലും അതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു.

രണ്ടു നമ്പറുകളും തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ സ്വകാര്യത നഷ്ടമാകുമെന്ന ആശങ്കയാണ് പലരും ഉയര്‍ത്തിയത്. ഈ അടിസ്ഥാനത്തില്‍ ആധാര്‍ കാര്‍ഡുകള്‍ പലരും കോടതിയില്‍ ചോദ്യം ചെയ്യുക പോലുമുണ്ടായി. ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു സുപ്രീം കോടതി അനുമതി നല്‍കിയെങ്കിലും അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബ്ബന്ധമാക്കരുതെന്നും നിഷ്‌ക്കര്‍ഷിച്ചു. 

എന്നാല്‍ സുപ്രീം കോടതി ഉത്തരവിനെ മറികടക്കുന്നതിനായി ആധാര്‍ ഭേദഗതി ബില്‍ 2019 ലോക് സഭയും രാജ്യസഭയും പാസാക്കിക്കഴിഞ്ഞു. ബാങ്കുകള്‍, ടെലികോം തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്കും ആധാര്‍ ഉപയോഗിക്കുന്നതിന് അനുവദിക്കുന്ന ഭേദഗതിയാണത്.ഇപ്പോള്‍ ആധാറും പാനും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ്:എല്ലാവരും ആധാര്‍ നമ്പറും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കണം. ആധാര്‍ ഇല്ലാത്തവര്‍ ആധാര്‍ എടുക്കണം.  ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ ഓഗസ്റ്റ് 31നുശേഷം പ്രവര്‍ത്തനരഹിതമാക്കും. അവയെ ആധാറുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും.

പാന്‍ ഇല്ലാത്തവര്‍ ഇനി അത് എടുക്കണമെന്നില്ല. ആധാര്‍ ഉപയോഗിച്ചാല്‍ മതിയാകും. നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ നമ്പര്‍  ഉപയോഗിക്കുമ്പോള്‍ അതില്‍നിന്നും ആദായ നികുതിവകുപ്പ് ഒരു പാന്‍ നമ്പര്‍ സൃഷ്ടിക്കും. അതായിരിക്കും ഭാവിയില്‍ നിങ്ങളുടെ പാന്‍.എന്തുകൊണ്ടാണ് ഗവണ്മെന്റ് ഇങ്ങനെയൊരു നടപടിക്ക് മുതിരുന്നത്? പലതവണ സമയം നീട്ടി നല്‍കിയിട്ടും ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നില്ലെങ്കില്‍ അവ വ്യാജമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് റവന്യു സെക്രട്ടറി എ.ബി. പാണ്ഡെ പറയുന്നത്.

Other News