സിസേറിയൻ ഒഴിവാക്കാന്‍ സ്ത്രീകള്‍ ഗരുഡ് ഗംഗാജലം കുടിച്ചാല്‍ മതി:ബി ജെ പി നേതാവ്


JULY 21, 2019, 4:08 AM IST

ന്യൂഡൽഹി:പ്രസവം ആയാസ രഹിതമാക്കാനും പാമ്പു കടിയേറ്റാല്‍ സുഖപ്പെടാനും ഗരുഡ് ഗംഗാ നദിയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന് ബി ജെ പി നേതാവ്. ഉത്തരാഖണ്ഡ് ബി ജെ പി അധ്യക്ഷനും എം പിയുമായ അജയ് ഭട്ടാണ് പുതിയ 'വെളിപ്പെടുത്തലു'മായി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്‌.

ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് ഗരുഡ് ഗംഗാ. കഴിഞ്ഞദിവസം ലോക്‌സഭയിൽ സെന്റര്‍ കൗണ്‍സില്‍ അമന്‍മെന്‍ഡ് (ഹോമിയോപ്പതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അജയ് ഭട്ടിന്റെ ‘വെളിപ്പെടുത്തല്‍'. 

ഗരുഡ് നദിയിലെ വെള്ളത്തിന് മാത്രമല്ല അതിലെ കല്ലുകള്‍ക്കും ഔഷധ ഗുണമുള്ളതായി അദ്ദേഹം അവകാശപ്പെട്ടു. പാമ്പ് കടിയേറ്റാൽ വിഷം തീണ്ടാതിരിക്കാനാണ് ഈ കല്ലുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.പാമ്പ് കടിച്ച ഭാഗത്ത് ഈ കല്ലുകള്‍ ഉരച്ചാൽ മതിയത്രെ അപകടമൊഴിവാക്കാൻ.

പ്രസവ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ നദിയിലെ കല്ല് എടുത്ത് വയറില്‍ ഉരസുകയും കല്ല് പൊടിച്ച് നദീജലത്തില്‍ കലക്കി കുടിക്കുകയും ചെയ്‌താൽ മതി. സിസേറിയനൊന്നും വേണ്ടിവരില്ല-എം പി പറഞ്ഞു.വളരെക്കുറച്ച് ആളുകള്‍ക്ക് മാത്രമെ ഈ നദീ ജലത്തിന്റെ ഔഷധ ഗുണത്തെക്കുറിച്ച് അറിയൂവെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ആയുര്‍വേദത്തിലും സിദ്ധയിലും യുനാനിയിലും ഹോമിയോയിലും വളരെ മികച്ച ചികിത്സയുണ്ടെന്നു പറഞ്ഞ അജയ് ഭട്ട്  ഇത്തരത്തിലുള്ള അത്ഭുതകരമായ രീതികളെ എന്തിനാണ് പരിഹസിക്കുന്നതെന്നു  ചോദിച്ച്  പ്രതിപക്ഷത്തിനു നേരെ തിരിയുകയും ചെയ്‌തു. 

Other News