വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി വിരമിക്കുന്നു; മകന്‍ റിഷാദ് പുതിയ ചെയര്‍മാന്‍


JUNE 7, 2019, 6:41 AM IST

ബെംഗ്ലൂരു: മുന്‍നിര ഇന്ത്യ ഐ.ടി കമ്പനിയായ വിപ്രോയുടെ സ്ഥാപകന്‍ അസിം പ്രേജി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജൂലൈ 30 ന് വിരമിക്കും. പ്രേംജിയുടെ  മകനും നിലവില്‍ ചീഫ് സ്ട്രാറ്റജി ഓഫീസറും, ബോര്‍ഡ് അംഗവുമായ റിഷാദായിരിക്കും പുതിയ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍. ചീഫ് എക്‌സിക്യൂട്ടവ് ഓഫീസര്‍ അബിദലി സെഡ് നീമുചവ്‌ലയായിരിക്കും മാനേജിംഗ് ഡയറക്ടര്‍. 

നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അസിം പ്രേംജി തുടരുന്നതാണെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. 53 വര്‍ഷം കമ്പനിയെ നയിച്ചതിനു ശേഷമാണ് അസിം പ്രേംജി പടിയിറങ്ങുന്നത്. വളരെ ചെറിയ തോതില്‍ തുടക്കമിട്ട കമ്പനിയെ 8.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഐ.ടി ഭീമനായി വളര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 

സംതൃപ്തി നല്‍കിയ ദീര്‍ഘയാത്രയായിരുന്നു തന്റേതെന്നും, ഭാവിയില്‍ സാമൂഹ്യ സേവന രംഗത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അസിം പ്രേംജി പറഞ്ഞു. 


Other News