പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടു


JUNE 11, 2019, 2:40 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷവും ഏറ്റമുട്ടലും തുടരുന്നു. പലയിടത്തും പ്രവര്‍ത്തകര്‍ തെരുവുയുദ്ധം നടത്തുകയാണ്. തിങ്കളാഴ്ച രാത്രി നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ കന്‍കിനാരയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരുക്കേറ്റു.

തിങ്കളാഴ്ച ഒരു ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഹൗറയിലെ സര്‍പോത ഗ്രാമത്തില്‍ സമതുല്‍ ഡോളു എന്ന പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു.

ശനിയാഴ്ച മുതലാണ്  ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ സംഘര്‍ഷമാണിത്. അക്രമം നിയന്ത്രിക്കുന്നതിനായി മേഖലയില്‍ കൂടുതല്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ഗവര്‍ണറോട് പ്രധാനമന്ത്രി അക്രമ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രധാനമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Other News