ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ്. നിരവധി ഘടകങ്ങള്‍ ഒന്നിച്ചതോടെയാണ് വലിയ തിരിച്ചടി രൂപപ്പെട്ടതെന്ന് വിലയിരുത്താം. കോണ്‍ഗ്രസിന്റെ സംസ്ഥാനതല സംഘാടനശേഷി വളരെ ദുര്‍ബലമായിരുന്നു. വലിയ റാലികളില്‍ ജനപ്രവാഹം കണ്ടെങ്കിലും അത് വോട്ടായി മാറിയില്ല. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനവും പാര്‍ട്ടി മെഷീനറിയും മറ്റുസഖ്യ കക്ഷി ഘടകങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പിന്നിലായിരുന്നു. കൂടാതെ പാര്‍ട്ടിയോടൊപ്പം ഉറച്ചുനില്‍ക്കുന്ന പഴയ നേതാക്കളെ ഒഴിവാക്കി മറ്റുപാര്‍ട്ടികളില്‍ നിന്ന് ചേക്കേറിയ ഭാഗ്യാന്വേഷികളായ പുതിയ നേതാക്കള്‍ക്ക് മത്സരിക്കാന്‍ കൂടുതലായി അവസരം നല്‍കിയത് പ്രാദേശിക പ്രവര്‍ത്തകരില്‍ അസ്വസ്ഥത സൃഷ്ടിച്ചു.
പ്രചാരണത്തിന്റെ കേന്ദ്രീകൃത സന്ദേശം വോട്ടര്‍ പട്ടിക, വോട്ട് ചോരി തുടങ്ങിയ ആരോപണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ സാധാരണ വോട്ടര്‍മാരുടെ ദൈനംദിന പ്രശ്‌നങ്ങളുമായി പാര്‍ട്ടിക്ക് ബന്ധം സ്ഥാപിക്കാനായില്ല. സാമൂഹ്യനീതിക്കുള്ള പുതിയ മുന്നേറ്റങ്ങള്‍ പാര്‍ട്ടിയുടെ വോട്ടുബാങ്കുകളില്‍ ഉണ്ടാക്കിയ മാറ്റവും സ്വാധീനവും മുന്‍കൂട്ടി തിരിച്ചറിയാന്‍ പാര്‍ട്ടിക്കായില്ല.
പാര്‍ട്ടി സഖ്യമായ മഹാഗഠ്ബന്ധന്റെ അകത്ത് വ്യക്തമായ ഏകോപനം ഇല്ലാതിരിക്കുകയും ആര്‍ജെഡിയുമായുള്ള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുകയും ചെയ്തു. പല മണ്ഡലങ്ങളിലും ആര്‍ജെഡിയും കോണ്‍ഗ്രസും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് കഴിയാതിരുന്നത് പ്രചാരണത്തിന് തിരിച്ചടിയായി.
പ്രാദേശിക വോട്ടര്‍ ഡൈനാമിക്‌സിലെ മാറ്റങ്ങളും കോണ്‍ഗ്രസിനെ ബാധിച്ചു. പ്രത്യേകിച്ച് മുസ്ലിം വോട്ടുകളെയും ഇബിസി/ ഒബിസി വിഭാഗങ്ങളെയും സ്വാധീനിക്കാന്‍ എന്‍ഡിഎയ്ക്കു കഴിഞ്ഞു. കോണ്‍ഗ്രസ് മത്സരിച്ച ഉറച്ച സീറ്റുകളില്‍ പോലും വിജയം നേടുന്നതില്‍ വളരെ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസമാണ് രേഖപ്പെടുത്തിയത്. ഇത് പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നതിനു തെളിവാണ്.
അതേസമയം എന്‍ഡിഎയെ വിജയത്തിലേക്ക് നയിച്ച കാരണങ്ങള്‍ വളരെ വ്യക്തവും ഘടനാപരവുമായിരുന്നു. നിതീഷ്‌കുമാറിന്റെ ദീര്‍ഘകാലത്തെ സോഷ്യല്‍ എഞ്ചിനീയറിംഗ് മാതൃക - പ്രത്യേകിച്ച് പിന്നാക്കവിഭാഗങ്ങള്‍ (ഇബിസി, ഒബിസി), വനിതാ വോട്ടുകള്‍ എന്നിവയുടെ കൂട്ടിച്ചേര്‍ക്കല്‍ എന്‍ഡിഎയ്ക്ക് മേധാവിത്തം നേടിക്കൊടുക്കുന്ന ഘടകമായി പ്രവര്‍ത്തിച്ചു. ബീജെപിയുടെയും ജെഡിയു വിന്റെയും സഖ്യം പ്രാദേശികമായി ഉറച്ച സംഘാനശക്തിയോടെ പ്രവര്‍ത്തിച്ചു. ക്ഷേമപദ്ധതികള്‍, വികസനനേട്ടങ്ങള്‍, ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ വാഗ്ദാനം എന്നിവ സാധാരണ വോട്ടര്‍മാരില്‍ വിശ്വാസം സൃഷ്ടിച്ചു. എന്‍ഡിഎയിലെ സഖ്യപാര്‍ട്ടികള്‍ തമ്മിലുള്ള സീറ്റുവിഭജനവും പ്രചാരണവും വ്യക്തവും ഏകോപിതവുമായിരുന്നു.
പ്രതിപക്ഷ സഖ്യത്തില്‍ കാണപ്പെട്ട കുഴപ്പങ്ങളും എന്‍ഡിഎയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മിലുള്ള തന്ത്രപരമായ അനൈക്യം, വോട്ട് നഷ്ടത്തിലേക്ക് നയിച്ച പ്രാദേശിക നിരാശകള്‍, സന്ദേശത്തിലെ ആരോപണപരമായ സ്വഭാവം എന്നിവ എല്ലാം കൂടി എന്‍ഡിഎയെ ശക്തിയായി മുന്നോട്ട് കൊണ്ടുപോയി.
ഇത്തരം അനുകൂലഘടകങ്ങളെല്ലാം ചേര്‍ന്ന് എന്‍ഡിഎയെ മഹാ ഭൂരിപക്ഷത്തിലേക്ക് ഉയര്‍ത്തിയപ്പോള്‍ സ്വയം വരുത്തിവെച്ച പിഴവുകളും പാളിപ്പോയ തന്ത്രങ്ങളും കാരണം കോണ്‍ഗ്രസും മഹാഗഠ്ബന്ധനും കുടുങ്ങിപ്പോയ അവസ്ഥയാണ് ബിഹാറില്‍ കാണപ്പെട്ടത്.
ബിഹാറില്‍ കോണ്‍ഗ്രസിന്റെ കോട്ടങ്ങള്‍ എന്‍ഡിഎയ്ക്ക് നേട്ടങ്ങളായി
