മധ്യപ്രദേശില്‍ രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അനുകൂലിച്ച് വോട്ടു ചെയ്തു


JULY 24, 2019, 6:47 PM IST

ഭോപ്പാല്‍: തങ്ങളുടെ നമ്പര്‍ വണ്‍ നേതാവും നമ്പര്‍ ടു നേതാവും അനുമതി നല്‍കുന്ന പക്ഷം കമല്‍നാഥ് നേതൃത്വം നല്‍കുന്ന മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കുമെന്ന് വീരവാദം മുഴക്കിയ ബി.ജെ.പിയ്ക്ക് തിരിച്ചടി. നിയമസഭയില്‍ ക്രിമിനല്‍ ഭേദഗതി ബില്‍ പാസ്സാക്കുന്നതിന് രണ്ട് ബി.ജെ.പി എംഎല്‍എമാര്‍ തങ്ങള്‍ക്കനുകൂലമായി വോട്ടുചെയ്തു എന്ന് മുഖ്യമന്ത്രി കമല്‍നാഥ് വെളിപെടുത്തിയതാണ് ബി.ജെ.പിയ്ക്ക് തിരിച്ചടിയായത്. കര്‍ണ്ണാടക മോഡലില്‍ ബി.ജെ.പിയെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ച് തങ്ങളുടെ എം.എല്‍.എമാരുടെ തന്നെ വോട്ട് ചോര്‍ന്ന അവസ്ഥയിലായിരിക്കയാണ് ഇപ്പോള്‍ ബി.ജെ.പി.

നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരാണ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാരായണ്‍ ത്രിപാഠി മുമ്പ് കോണ്‍ഗ്രസിലായിരുന്നു. 2014ലാണ് ഇദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നത്.

'ദിവസവും കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെപോകുമെന്ന് പറയാറുള്ള ബി.ജെ.പിയുടെ രണ്ട് എംഎല്‍എമാര്‍ ഇന്ന് തങ്ങള്‍ക്കനുകൂലമായി വോട്ടു ചെയ്തു.'  വോട്ടിംഗിനുശേഷം മുഖ്യമന്ത്രി കമല്‍നാഥിന്റെ കമന്റ് ഇങ്ങിനെയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അനുകൂലമായ സിഗ്‌നല്‍ കിട്ടിയാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ നിലംപൊത്തുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയാണ് നിയമസഭയില്‍ പറഞ്ഞത്.

ബി.ജെ.പി.യിലെ നമ്പര്‍ വണ്ണും, നമ്പര്‍ ടൂവും ഞങ്ങള്‍ക്ക് അനുകൂലമായ സിഗ്‌നല്‍ നല്‍കിയാല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്നായിരുന്നു ഗോപാല്‍ ഭാര്‍ഗവയുടെ പരാമര്‍ശം. 

എന്നാല്‍ ബി.ജെ.പി.യുടെ ആഗ്രഹം നടക്കില്ലെന്നും കോണ്‍ഗ്രസിന്റെ എം.എല്‍.എമാരും എം.പിമാരും വില്‍പനയ്ക്കുള്ളവരല്ലെന്നും മുഖ്യന്ത്രി കമല്‍നാഥ് തിരിച്ചടിച്ചു. 

231 അംഗ നിയമസഭയില്‍ 121 എം.എല്‍.എമാരുടെ പിന്തുണയുള്ള കമല്‍നാഥ് ബി.എസ്.പിയുടെയും സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. ബി.ജെ.പിക്ക് 109 എം.എല്‍.എമാരാണുള്ളത്. 114 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

Other News