ചൈനയുമായുള്ള യുദ്ധം പ്രധാനമന്ത്രി  തീരുമാനിച്ച് കഴിഞ്ഞു; വിവാദ പ്രസ്താവനയുമായി ഉത്തർപ്രേദേശ് ബി.ജെ.പി. അധ്യക്ഷൻ 


OCTOBER 25, 2020, 7:06 PM IST

ലക്‌നൗ: പാകിസ്താനുമായും ചൈനയുമായും എപ്പോഴാണ് യുദ്ധം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചുവെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് മേധാവി സ്വതന്ത്ര ദേവ് സിംഗ്. ദേവ് സിംഗിന്റെ വിവാദപ്രസ്താവനയ്ക്ക് നേരെ വിമര്‍ശനം ഉയർന്നിട്ടുണ്ട്.

രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് എന്നിവ തീരുമാനിച്ചതുപോലെ പാകിസ്താനുമായും ചൈനയുമായും എപ്പോള്‍ യുദ്ധം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് എന്നാണ് ദേവ് സിംഗ് ഒരു വീഡിയോ ക്ലിപ്പിൽ പറയുന്നത്.

അതിർത്തിയിൽ സ്ഥിതി രൂക്ഷം ആകുന്നതിടെയാണ് ഇത്തരത്തിലൊരു പരാമർശം. ഇരു രാജ്യങ്ങളും അതിർത്തിയിൽ സേനയെ ശക്തിപ്പെടുത്തുകയാണ്. ബിജെപി എം.എൽ.എ. സഞ്ജയ് യാദവിന്റെ വീട്ടിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. അതോടൊപ്പം സ്വതന്ത്ര സിംഗ് സമാജ് വാദി പാർട്ടി ബഹുജൻ സമാജ് പാർട്ടി പ്രവർത്തകർ ഭീകരവാദികളെ പോലെയാണെന്നും പറഞ്ഞു.

അതെസമയം, ഞായറാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത് ചൈനയുമായി സമാധാനം ആഗ്രഹിക്കുന്നു എന്നും, എന്നാൽ ഒരിഞ്ച് ഭൂമി പോലും വിട്ട് നൽകില്ല എന്നുമാണ്. 

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും അടുത്തിടെ  ഇന്ത്യാ-ചൈന സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കടന്ന ചൈനക്കെതിരെ രാജ്യം സ്വീകരിച്ച തിരിച്ചടിയില്‍ ചൈന ഞെട്ടിപ്പോയെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

ഇന്ത്യൻ മണ്ണ് ചൈന കയ്യടക്കി എന്നും ഇന്ത്യൻ ഗവൺമെന്റും ആർ.എസ്.എസ്സും അത് സമ്മതിക്കാൻ വിമുഖത കാണിക്കുന്നു എന്നും നേരിടാനുള്ള ആർജവം പ്രകടിപ്പിക്കുന്നില്ല എന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. 

Other News