ബോറിസ് ജോൺസൻ  ഇന്ത്യയുടെ മരുമകൻ 


AUGUST 2, 2019, 3:03 PM IST

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഒരു ഇന്ത്യൻ ബന്ധവുമുണ്ട്.1993ൽ വിവാഹം ചെയ്യുകയും പിന്നീട് വേർപിരിയുകയും ചെയ്ത ഭാര്യ മറീന വീലർ പകുതി ഇന്ത്യക്കാരിയാണ്. ബ്രിട്ടനിലെ ഒരു അഭിഭാഷകയും പംക്തിയെഴുത്തുകാരിയുമാണ് മറീന. ബോറിസിനും മറീനക്കും കൂടി 4 മക്കളാണുള്ളത്. രണ്ടാണും രണ്ടു പെണ്ണും. പത്രാധിപരും എഴുത്തുകാരനുമായ ഖുശ്വന്ത് സിംഗിന്റെ അനന്തരവളാണ് മറീന. 25 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് ഇരുവരും വേർപിരിഞ്ഞത്. അതിനുമുമ്പ് മറീനയുമൊത്ത് ജോൺസൻ പലതവണ ഇന്ത്യയിൽ വന്നിട്ടുണ്ട്.  

യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടന്ന മത്സരത്തിൽ ജേതാവായ ബോറിസ്  ജോൺസൻ ഇന്ത്യയുമായി  ഒരു 'പ്രത്യേക ബന്ധം' കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വ്യക്തിപരമായ അടുപ്പം തനിക്കുണ്ടെന്ന് ജോൺസൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ടോറി പാർട്ടിയിലെ ഇന്ത്യൻ വംശജരായ അംഗങ്ങൾക്കയച്ച കത്തിൽ മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ജോൺസൻ വിവരിച്ചു. വ്യാപാരവും പുരോഗതിയും വളർത്തുന്നതിൽ ആധുനിക ജനാധിപത്യങ്ങളായ യുകെയും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ  ആവശ്യകത മോഡിയോട് താൻ ഊന്നിപറഞ്ഞതായി ജോൺസൺ പറയുന്നു. ഇരു രാജ്യങ്ങളും നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും യോജിച്ച പ്രവർത്തനം ആവശ്യമാണ്.  ലണ്ടൻ നഗരത്തിന്റെ മുൻ മേയറും മുൻ വിദേശകാര്യ സെക്രട്ടറിയുമായ 55കാരനായ ജോൺസൻ ഇന്ത്യയുടെ മരുമകനാണെന്നു സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. മറീനയുടെ ഇപ്പോഴും ജീവിച്ചിരിപ്പുള്ള അമ്മ  ഡിപ് സിങ് ഖുശ്വന്ത് സിംഗിന്റെ ഇളയ സഹോദരനായ ദൽജിത് സിങ്ങിനെയാണ് വിവാഹം കഴിച്ചത്.

ദ് ട്രിബ്യുൻ പത്രത്തിലെഴുതിയ ഒരു ലേഖനത്തിൽ പ്രമുഖ പത്രപ്രവർത്തകനും ഖുശ്വന്ത് സിംഗിന്റെ മകനുമായ രാഹുൽ സിംഗ് ബോറിസ് ജോൺസണുമായി കൂടിക്കണ്ടതിനെക്കുറിച്ച് എഴുതിയിരുന്നു. കഴിഞ്ഞവർഷം രത്തൻബോർ കടുവ സങ്കേതത്തിൽവെച്ച് നടത്തിയ ഒരു കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതിനായി ജോൺസണും മറീനയും മൂന്നു മക്കളും എത്തിയിരുന്നു. വളരെ മുമ്പ് മുംബൈയിൽ ഒരവസരത്തിൽ കാണാൻ കഴിഞ്ഞിരുന്നുവെങ്കിലും ജോൺസണുമായി മുഖാമുഖം സംസാരിക്കാൻ രാഹുൽ സിങിന് ഇതാദ്യമായാണ് ഒരവസരം ലഭിച്ചത്.

ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും വളരെ അറിവുള്ള ഒരാളാണ് ജോൺസണെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നു രാഹുൽ സിംഗ് പറയുന്നു. കലുഷിതമായ ഒന്നായിരുന്നുവെങ്കിലും മറീനയുമായി 25 വർഷങ്ങൾ നീണ്ടുനിന്നതായ വിവാഹ ബന്ധത്തിലൂടെയും ഇന്ത്യയിൽ നടത്തിയതായ സ്വകാര്യ സന്ദർശനങ്ങളിലൂടെയുമായിരുന്നു അത്രയും അറിവ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞതെന്നാണ് രാഹുൽ സിങിന്റെ നിഗമനം.എന്തായാലും ആ അറിവ് ഇൻഡോബ്രിട്ടീഷ് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് രാഹുൽ സിങ് കരുതുന്നത്. ഇതൊക്കെയാണെങ്കിലും ജോൺസണ് ചില അമളികൾ പിണഞ്ഞിട്ടുണ്ട്. അവയിൽ ചിലത് ഇന്ത്യയുമായി ബന്ധപ്പെട്ടതുമാണ്. ഒരിക്കൽ ഒരു സിഖ് ഗുരുദ്വാരയിൽ നിന്നും ജോൺസണ്  ശകാരം കേൾക്കേണ്ടിവന്നു.ഇന്ത്യയിലേക്ക് വിസ്‌കി കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു അത്.

സിഖ്  മത വിശ്വാസത്തിൽ മദ്യം  നിഷിദ്ധമായ ഒരു കാര്യമാണെന്നിരിക്കെയാണ് ഗുരുദ്വാരയിൽ ജോൺസൻ മദ്യക്കയറ്റുമതിയെക്കുറിച്ച് സംസാരിച്ചത്.

2017  ൽ ബ്രിസ്റ്റോൾ ഗുരുദ്വാരയിൽ കവി തലപ്പാവും അണിഞ്ഞെത്തിയ ജോൺസൻ പറഞ്ഞത് എപ്പോഴെങ്കിലും ഇന്ത്യയിലേക്കോ , ഡെൽഹിയിലെയ്‌ക്കോ,  മുംബൈയിലേക്കോ പോകുമ്പോഴൊക്കെയും  നമ്മുടെ ബാഗിനുള്ളിൽ 'ക്‌ളിൻഗീസ്'  കരുതിയിരിക്കണം എന്നാണ്. ഒരു സിഖ് ക്ഷേത്രത്തിനുള്ളിൽ മദ്യത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾക്കെങ്ങനെ ധൈര്യം വന്നു എന്നാണു രോഷാകുലയായ ഒരു ഭക്ത ചോദിച്ചത്.  

ലണ്ടൻ മേയറായിരിക്കെ 2014  നവംബറിൽ വിൻസ്റ്റൺ ചർച്ചിലിനെക്കുറിച്ച് നടന്ന ഒരു ചർച്ചയിൽ പങ്കെടുത്തുകൊണ്ട് 'ബ്രിട്ടീഷ് ഭരണത്തിന്റെ നേട്ടം അനുഭവിക്കാത്ത രാജ്യങ്ങളൊക്കെയും ഭാഗ്യം കുറഞ്ഞവരാണ്' എന്നൊരു പരാമർശം നടത്തുകയുണ്ടായി. ലോകത്തെമ്പാടുമുള്ള ബ്രിട്ടന്റെ മുൻ കോളനികളിൽ ബ്രിട്ടീഷ് പാരമ്പര്യങ്ങൾ തുടരുന്നതിൽ ചർച്ചിൽ വളരെ അഭിമാനിച്ചിരുന്നതായി അദ്ദേഹം  വിശദീകരിച്ചു.

'ലോകമൊട്ടാകെയുള്ള രാജ്യങ്ങളിൽ ബ്രിട്ടന്റെ പാരമ്പര്യങ്ങൾ തുടർന്നുപോകുന്നതിൽ അദ്ദേഹം  വളരെ അഭിമാനിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി മാറിയ ഇന്ത്യ അദ്ദേഹത്തെ അത്ഭുതപ്പെടുത്തുമായിരുന്നു. അതിനു നേർ വിപരീതമായി ബ്രിട്ടീഷ് ഭരണത്തിന്റെ നേട്ടം അനുഭവിക്കാത്ത  മറ്റു രാജ്യങ്ങൾ ഭാഗ്യം കുറഞ്ഞവരാണെന്നു പറയാം. ഇത് സത്യമാണ്, സത്യമാണ്'.

Other News