പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്ക്  എയര്‍ഫോഴ്‌സ് വണ്‍-അടുത്തവര്‍ഷം ഇന്ത്യയിലെത്തും


OCTOBER 9, 2019, 5:46 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി,രാഷ്ട്രപതി,ഉപരാഷ്ട്രപതി എന്നിവരുടെ യാത്രയ്ക്കുമാത്രമായി നിര്‍മ്മിക്കപ്പെടുന്ന, മിസൈല്‍ പ്രതിരോധ ശേഷിയുള്ള വിമാനം അടുത്തവര്‍ഷം ജൂണില്‍ ഇന്ത്യയിലെത്തും. എയര്‍ഫോഴ്‌സിനു കീഴില്‍ അണിനിരത്തുന്നതിനാല്‍ എയര്‍ഫോഴ്‌സ് വണ്‍ എന്നായിരിക്കും വിമാനം അറിയപ്പെടുക.ഇത് സംബന്ധിച്ച് സര്‍ക്കാറും എയര്‍ഫോഴ്‌സുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. 

നിലവില്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ എയര്‍ഇന്ത്യയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ്. പുതിയ വിമാനത്തിന് ഫണ്ടുചെയ്യുന്നതും എയര്‍ഇന്ത്യയാണ്. പക്ഷെ യുദ്ധോപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ പുതിയവിമാനത്തെ എയര്‍ഫോഴ്‌സിനു കീഴില്‍ അണിനിരത്തേണ്ടിവരും. അതുകൊണ്ടാണ് യു.എസ് പ്രസിഡന്റിന്റെ വിമാനത്തിന് സമാനമായി പ്രധാനമന്ത്രിയുടെ വിമാനവും എയര്‍ഫോഴസ് വണ്‍ എന്ന് അറിയപ്പെടുക.

യു.എസിലെ ഡള്ളാസിലാണ് പ്രധാനമന്ത്രിയ്ക്കായുള്ള 777-300 ഇആര്‍ വിമാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. നിലവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഉപയോഗിക്കുന്ന എയര്‍ഫോണ്‌സ് വണ്‍ 77-200 ബിയ്ക്ക് തുല്യമായ രീതിയിലുള്ള പ്രതിരോധ സജ്ജീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ വിമാനത്തിലുമുള്ളത്. ശത്രുരാജ്യത്തിന്റെ റഡാര്‍ തരംഗങ്ങളെ കബളിപ്പിക്കാനും മിസൈലുകളില്‍ നിന്ന് സുരക്ഷനേടാനും ക്രൂവിന്റെ സഹായമില്ലാതെ തന്നെ വിമാനത്തിന് സാധിക്കും.190 മില്ല്യണ്‍ യു.എസ് ഡോളറാണ് ഇതിനായി ഇന്ത്യ ചെലവഴിക്കുന്നത്. 

ഇത്രയും തുക നല്‍കി വിമാനം സ്വന്തമാക്കാനുള്ള 2011 ലെ മന്‍മോഹന്‍സിംഗ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ അന്നത്തെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ മുന്നോട്ടുവന്നിരുന്നു. എയര്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും വിമാനത്തിനായി ഇത്രയും പണം ചെലവഴിക്കുന്നത് ദേശീയ കാരിയറിന്റെ അന്ത്യത്തിന് കാരണമാകുമെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. വിമാനത്തിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതികള്‍ പരിശോധിക്കാനായി ഈ അടുത്തകാലത്ത് ദേശീയ അന്വേഷണ ഏജന്‍സികളും മുന്നോട്ടുവന്നു.

Other News