സി.ബി.എസ്.ഇ പരീക്ഷകള്‍ വെട്ടിച്ചുരുക്കി; ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ വിദ്യാര്‍ഥികളെ ജയിപ്പിക്കും


APRIL 2, 2020, 10:12 AM IST

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ബോര്‍ഡ് പരീക്ഷകള്‍ നടത്താനുളള അനുകൂല സാഹചര്യമെത്തിയാല്‍, തുടര്‍ന്നുള്ള അഡ്മിഷന് അനിവാര്യമായ വിഷയങ്ങള്‍ക്കു മാത്രം പരീക്ഷ നടത്തുമെന്ന് സി.ബി.എസ്.ഇ. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കാനും തീരുമാനിച്ചു. തുടര്‍ന്നുള്ള പരീക്ഷ നടത്തിപ്പിനെക്കുറിച്ചും 1-8 ക്ലാസ് വിദ്യാര്‍ഥികളെ അടുത്ത ഗ്രേഡിലേക്കു ഉയര്‍ത്തുന്നതിനെക്കുറിച്ചും കേന്ദ്ര മനുഷ്യ വിഭവ ശേഷി മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സി.ബി.എസ്.ഇ തീരുമാനം. സി.ബി.എസ്.ഇയുടെ പുതിയ തീരുമാനം കേന്ദ്ര മനുഷ്യ വിഭവ ശേഷി മന്ത്രി ഡോ. എച്ച്. രമേശ് പൊഖ്രിയാല്‍ നിഷാങ്ക സി.ബി.എസ്.ഇ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

29 വിഷയങ്ങളാണ് അനിവാര്യമായും പരീക്ഷ നടത്തേണ്ടതായി സി.ബി.എസ്.ഇ ചൂണ്ടിക്കാട്ടുന്നത്. ഇവയില്‍ പ്ലസ്ടുവിലെ 12 എണ്ണം മാത്രമാണ് കേരളത്തില്‍ ബാധകമായിട്ടുള്ളത്; ബാക്കി ഡല്‍ഹി മേഖലക്കു മാത്രമാണു ബാധകം. പരീക്ഷ നടത്താത്ത വിഷയങ്ങളിലെ തുടര്‍നടപടിക്രമങ്ങള്‍ താമസിയാതെ വ്യക്തമാക്കും. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കും. 9,11 ക്ലാസുകളില്‍ ടേം, പീരിയോഡിക്കല്‍ പരീക്ഷകളും പ്രോജക്ടുകളും വിലയിരുത്തി അര്‍ഹരെ ജയിപ്പിക്കണം. ശേഷിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ രീതികളില്‍ സ്‌കൂള്‍ പരീക്ഷക്ക് അവസരമുണ്ടാകും.

നേരത്തെ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ നടത്തുമെന്നുള്ള സി.ബി.എസ്.ഇ വ്യാജ സര്‍ക്കുലര്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അധികൃതര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഏപ്രില്‍ 22 മുതല്‍ പരീക്ഷ നടത്തുമെന്നും ഏപ്രില്‍ 25ന് മൂല്യനിര്‍ണയം ആരംഭിക്കുമെന്നുമായിരുന്ന വ്യാജ സര്‍ക്കുലര്‍. വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അനുവദിച്ച പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. പുതിയ അഡ്മിറ്റ്കാര്‍ഡ് നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഏപ്രില്‍ ഒന്നിനു പ്രചരിക്കുന്ന സന്ദേശം 'ഏപ്രില്‍ ഫൂള്‍' ആക്കാന്‍ ആരോ സൃഷ്ടിച്ചതാവാമെന്നാണ് സി.ബി.എസ്.ഇ വ്യക്തമാക്കിയത്. 

Other News