ന്യൂഡൽഹി : ഇന്ത്യക്ക് ആശങ്ക വർധിപ്പിച്ച് ടിബറ്റിലെ ബ്രഹ്മപുത്രാ നദിയിൽ ചൈന വമ്പൻ അണക്കെട്ടിന്റെ പണി ആരംഭിച്ചു. ബ്രഹ്മപുത്രാ നദിയൊഴുകുന്ന ഉയർന്ന മേഖലയായ യാർലങ് സാങ്‌പോയിലാണ് ചൈനീസ് പ്രധാനമന്ത്രി ലീ ഖിയാങ് പങ്കെടുത്ത മണ്ണൊരുക്കൽ ചടങ്ങോടെ 167,000 കോടി ഡോളറിന്റെ ഡാം നിർമാണം ഔദ്യോഗികമായി ആരംഭിച്ചത്.
യാർലങ് സാങ്‌പോ റിവർ ലോവർ റീച്ചസ് ഹൈഡ്രോ പവർ പ്രോജക്ട് എന്ന പദ്ധതിയാണ് ഇവിടെ ആരംഭിക്കുന്നത്. നദിയുടെ വളവളുകൾ നേരെയാക്കി വലിയ ടണലുകളിലൂടെ വെള്ളമെത്തിച്ച് അഞ്ച് പവർ സ്റ്റേഷനുകളിൽ നിന്നായി വൻതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്.
ടിബറ്റിലെ ജനങ്ങൾക്കു വേണ്ടിയുള്ളതാണ് പദ്ധതിയെന്ന് ചെനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ടിബറ്റിന് താഴെ ഇന്ത്യയിലേക്കൊഴുകുന്ന നദിയിലാരംഭിക്കുന്ന പദ്ധതി ഇവിടത്തെ ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്നതാണ്. അതിനാൽതന്നെ ഇന്ത്യ ഈ പദ്ധതിയെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
കഴിഞ്ഞ മാസം ഒടുവിൽ ന്യൂഡൽഹി ഇതു സംബന്ധിച്ച ആശങ്ക ചൈനയെ അറിയിച്ചിരുന്നു. താഴെയുള്ള രാജ്യങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പദ്ധതിയിൽ സുതാര്യതയും മറ്റുള്ളവരുമായി സംഭാഷണങ്ങളും ആവശ്യമാണെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
ടിബറ്റിലെ ബ്രഹ്മപുത്രാ നദിയിൽ ചൈന വമ്പൻ അണക്കെട്ടിന്റെ പണി ആരംഭിച്ചു; ഇന്ത്യയ്ക്ക് ആശങ്ക
