അടിമുടി മാറ്റം ആഗ്രഹിച്ച് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം


MAY 13, 2022, 3:42 PM IST

ഉദയ്പുര്‍ (രാജസ്ഥാന്‍): ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കു മാത്രം ടിക്കറ്റ് എന്നത് ഉള്‍പ്പെടെ, ഉദയ്പുരിലെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം പരിഗണിക്കുന്നത് സമൂലമായ മാറ്റങ്ങള്‍. കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പാര്‍ട്ടിക്കു വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചവര്‍ ആ കുടുംബത്തില്‍ ഉണ്ടെങ്കില്‍, രണ്ടാമതൊരു ടിക്കറ്റ് പരിഗണിക്കാമെന്നാണ്, പരിഗണനയിലുള്ള വ്യവസ്ഥ.

ബുത്ത്, ബ്ലോക്ക് കമ്മിറ്റികള്‍ക്കിടക്ക് മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന നിര്‍ദേശം നേതൃയോഗം പരിഗണിക്കുന്നുണ്ട്. എല്ലാ പാര്‍ട്ടി ഘടകത്തിലും ഭാരവാഹിത്വത്തില്‍ 50 ശതമാനം അന്‍പതു വയസ്സിനു താഴെയുള്ളവര്‍ക്കായി നീക്കിവയ്ക്കണം. പാര്‍ട്ടി പദവികളില്‍ ഒരാള്‍ പരമാവധി അഞ്ചു വര്‍ഷം മതി. ഭാരവാഹികളുടെ പ്രകടനം വിലയിരുത്താന്‍ പബ്ലിക് ഇന്‍സൈറ്റ് വിഭാഗം വേണമെന്നും നിര്‍ദേശമുണ്ട്.

കാലത്തിനൊത്തുള്ള സമൂലമായ മാറ്റമാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്ന്, ചിന്തര്‍ ശിബിരത്തിനു മുമ്പായി മാധ്യമ പ്രവര്‍ത്തകരെ കണ്ട ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാവുന്നതടെ കോണ്‍ഗ്രസ് അടിമുടി മാറുമെന്ന് മാക്കന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് ഏകണ്ഠമായ പിന്തുണ ലഭിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും 15 മുതല്‍ 20 വരെ ബൂത്തുകള്‍ ഉണ്ടാവും. മൂന്നു മണ്ഡലം കമ്മിറ്റികളാണ് ഒരു ബ്ലോക്ക് കമ്മിറ്റിക്കു കീഴില്‍ വരിക.

ആഭ്യന്തര തലത്തിലെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍, മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കും. മോശം പ്രകടനം നടത്തുന്നവരെ നീക്കം ചെയ്യുമെന്നും മാക്കന്‍ പറഞ്ഞു.

പാര്‍ട്ടിയുടെയും നേതൃത്വത്തിന്റെയും പോരയ്മകളും വീഴ്ചകളും പരിമിതികളും പരിഹരിച്ച് അധികാരത്തില്‍ തിരിച്ചെത്താനുള്ള വഴികള്‍ തേടുകയാണ്  മൂന്നു ദിവസത്തെ നവ് സങ്കല്‍പ് ചിന്തന്‍ ശിബിരം.

തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും പാര്‍ട്ടി അദ്ധ്യക്ഷ സോണിയ രൂപീകരിച്ച ആറ് ഉപസമിതികള്‍ തയ്യാറാക്കുന്ന രാഷ്ട്രീയ പ്രമേയങ്ങളും സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന 422 പ്രതിനിധികള്‍ വിശദമായി ചര്‍ച്ച ചെയ്ത് പദ്ധതികള്‍ തയ്യാറാക്കും.  

പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ച തന്ത്രങ്ങള്‍ അടിസ്ഥാനമാക്കി എട്ടംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഉന്നതാധികാര ആക്ഷന്‍ ഗ്രൂപ്പ്-2024 പ്രത്യേകം രൂപീകരിക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള നടപടികളാണിവ. ഒരാള്‍ നയിക്കും,ഒരാള്‍ മത്സരിക്കും ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രം തിരഞ്ഞെടുപ്പ് ടിക്കറ്റ് എന്ന നിര്‍ദ്ദേശമാകും ചര്‍ച്ചകളില്‍ പ്രധാനം. തീരുമാനം നടപ്പായാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരില്‍ ഒരാള്‍ മാത്രമാകും മത്സരിക്കുക.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സോണിയാ ഗാന്ധി വിശ്രമ ജീവിതമാണ് ആഗ്രഹിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരു പ്രസിഡന്റ് എന്നതും ചര്‍ച്ചയാവും. പ്രവര്‍ത്തക സമിതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ജി-23 നേതാക്കളുടെ ആവശ്യവും നിര്‍ദ്ദേശമായുണ്ട്. സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഡി.സി.സി അധ്യക്ഷന്‍മാരുടെ നിയമന ചുമതല അടക്കം നല്‍കി പാര്‍ട്ടി ഘടകങ്ങളെ ശക്തിപ്പെടുത്തണമെന്ന നിര്‍ദ്ദേശവും പരിഗണിക്കും. മല്ലികാര്‍ജ്ജുന ഖാര്‍ഗെ കണ്‍വീനറായ രാഷ്ട്രീയ വിഷയങ്ങള്‍ക്കായുള്ള സമിതിയില്‍ ഗുലാംനബി ആസാദ്, ശശി തരൂര്‍ തുടങ്ങിയവരുണ്ട്.

മുകുള്‍ വാസ്നിക് നയിക്കുന്ന സംഘടനാ സമിതിയില്‍ താരിഖ് അന്‍വര്‍, രമേശ് ചെന്നിത്തല, തുടങ്ങിയവരാണുള്ളത്. സല്‍മാന്‍ ഖുര്‍ഷിദ് നയിക്കുന്ന സാമൂഹ്യ നീതിയും ശാക്തീകരണവും എന്ന സമിതിയില്‍ ആന്റോ ആന്റണി എം.പിയുണ്ട്. അമരീന്ദര്‍ സിംഗ് വാറിംഗ് കണ്‍വീനറായ സമിതിയാണ് യുവാക്കളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത്. റോജി എം.ജോണ്‍ എം.എല്‍.എയും അംഗമാണ്.

Other News