ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി


JANUARY 13, 2022, 4:05 PM IST

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 125 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ 50 വനിതകളും ഉള്‍പ്പെടുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

സ്ഥാനാര്‍ത്ഥികളില്‍ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ ആശാ സിംഗ്, സോന്‍ഭദ്രയിലെ ഉംഭ ഗ്രാമത്തില്‍ ഭൂമിക്കായുള്ള ഗോണ്ട് വിഭാഗക്കാര്‍ക്കാരുടെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ രാംരാജ് ഗോണ്ട് എന്നിവരും ഉള്‍പ്പെടുന്നു

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഷാജഹാന്‍പൂരില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച ആശാ വര്‍ക്കര്‍ പൂനം പാണ്ഡെ, യുപിയില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം നടത്തിയ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫര്‍ എന്നിവരും സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.

''125 സ്ഥാനാര്‍ത്ഥികളില്‍ 40 ശതമാനം സ്ത്രീകളും 40 ശതമാനം യുവാക്കളുമാണ്. ചരിത്രപരമായ ഈ നീക്കത്തോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പശ്ചാത്തലം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേസമയം ബിജെപി പാളയത്തില്‍ നിന്ന് എംഎല്‍എമാരുടെ രാജി തുടരുകയാണ്. ഷിക്കോഹാബാദില്‍ (ഫിറോസാബാദ്) നിന്നുള്ള എംഎല്‍എയായ മുകേഷ് വര്‍മ ??പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിയില്‍ നിന്ന് നേരത്തെ രാജിവച്ച ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യയ്ക്ക് മുകേഷ് വര്‍മ പിന്തുണ പ്രഖ്യാപിച്ചു.

''സ്വാമി പ്രസാദ് മൗര്യ ഞങ്ങളുടെ നേതാവാണ്. അദ്ദേഹം എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ പിന്തുണയ്ക്കും. വരും ദിവസങ്ങളില്‍ മറ്റ് നിരവധി നേതാക്കള്‍ ഞങ്ങളോടൊപ്പം ചേരും,'' രാജിവച്ചതിന് ശേഷം മുകേഷ് വര്‍മ പറഞ്ഞു. രണ്ട് ദിവസം മുന്‍പായിരുന്നു യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സ്വാമി പ്രസാദ് പാര്‍ട്ടി വിട്ടത്.

ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഫെബ്രുവരി പത്തിനാണ് ആദ്യ ഘട്ടം. അവസാന ഘട്ടം മാര്‍ച്ച് ഏഴിനും. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

Other News