നിര്‍മാണം നടക്കുന്നത് സെന്‍ട്രല്‍ വിസ്തയുടേതല്ലെന്നും ഹര്‍ജിക്കാരന് പിഴ വിധിക്കണമെന്നും കേന്ദ്രം കോടതിയില്‍


MAY 11, 2021, 7:50 PM IST

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതി താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ബുധനാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ ഹര്‍ജി നല്കിയത് നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗവും ഹര്‍ജിക്കാരന് പിഴ വിധിച്ച് ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പദ്ധതിയുടെ നിര്‍മാണത്തിന് താത്ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 

ഹര്‍ജിക്കാരന്‍ ആരോപിക്കുന്നതുപോലെ സെന്‍ട്രല്‍ വിസ്ത പദ്ധതിയല്ല നടക്കുന്നതെന്നും റിപ്പബ്ലിക്ക് പരേഡ് നടക്കുന്ന രാജ്പഥിന്റെ പുനര്‍നിര്‍മാണം മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനാണെന്നും ജോലിക്കാരെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ മറുപടി രേഖയില്‍ ഉള്‍പ്പെടുത്തുമെന്നറിയിച്ച ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

Other News