ഉത്തരാഖണ്ഡില്‍ ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ച ദലിത് യുവാവിനെ അടിച്ചുകൊന്നു

ഉത്തരാഖണ്ഡില്‍ ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ച ദലിത് യുവാവിനെ അടിച്ചുകൊന്നു


ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ 18കാരന്‍ ദലിത് യുവാവിനെ അടിച്ചുകൊന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു. 

കേതന്‍ ലാല്‍ എന്ന യുവാവാണ് മരിച്ചത്. കേതന്‍ കഴിഞ്ഞ ആറു മാസമായി ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്ന് കേതനും സുഹൃത്ത് ദിവാകറും കൂടി രാതി 11 മണിയോടെ അവരുടെ ഗ്രാമമായ ഖോല്‍ഗഢിലേക്ക് എത്തിയിരുന്നു. ഇവിടെ എത്തിയതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരുവരെയും മുറിയില്‍ പൂട്ടുകയും വടിവാളും മറ്റുമുപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

പിറ്റേന്ന് രാവിലെ കേതന്റെ പിതാവിനെ പെണ്‍കുട്ടിയുടെ പിതാവ് വിളിക്കുകയും മകനെ കൂട്ടിക്കൊണ്ട് പോവാന്‍ പറയുകയുമായിരുന്നു. ഇത് പ്രകാരം കേതന്റെ പിതാവ് എത്തിയപ്പോഴാണ് മകനെ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം, എസ് സി/ എസ് ടി (അതിക്രമങ്ങള്‍ തടയല്‍) എന്നീ നിയമങ്ങള്‍ പ്രകാരം കേസെടത്തു.