ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡി ജി സി എ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് ശൈത്യകാല സര്‍വീസില്‍ നിര്‍ബന്ധിത കുറവ് വരുത്താന്‍ നോട്ടീസ് നല്‍കി. ഡിസംബര്‍ 8ന് പുറത്തിറക്കിയ നോട്ടീസിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം.
ഇന്‍ഡിഗോ അസാധാരണമായി സര്‍വീസുകള്‍ റദ്ദാക്കിയത് ഇന്ത്യയിലുടനീളം വിമാന ഗതാഗതത്തില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കാന്‍ കാരണമായത്. പൈലറ്റുമാരേയും വിമാന ജീവനക്കാരേയും നിയന്ത്രിക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടതായി മന്ത്രാലയ പരിശോധനയില്‍ കണ്ടെത്തിയതായി അറിയിപ്പില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡിഗോയുടെ അംഗീകൃത ശൈത്യകാല ഷെഡ്യൂള്‍ 10 ശതമാനം കുറയ്ക്കണമെന്ന് ഡി ജി സി എ നിര്‍ദേശിക്കുകയായിരുന്നു. നിലവിലെ ഷോകോസ് നോട്ടീസില്‍ ഭേദഗതി വരുത്തുകയും പുതുക്കിയ നോട്ടീസ് ഇന്‍ഡിഗോയ്ക്ക് നല്‍കുകയും ചെയ്യും. തുടര്‍ നടപടി ആവശ്യമായാല്‍ സ്വീകരിക്കാന്‍ സാഹചര്യം നിരന്തരം വിലയിരുത്തുമെന്നും ഡി ജി സി എ വ്യക്തമാക്കി.
