ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ പ്രതിസന്ധിയിൽ സാങ്കേതിക തകരാറുകൾ ഒഴിവാക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിന് സി.ബി.എസ്.ഇയെ സഹായിക്കുന്നതിനുമായി കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി കാൺപൂർ എന്നിവിടങ്ങളിലെ പ്രഫസർ അടക്കമുള്ള സംഘത്തെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യ നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ സി.ബി.എസ്.ഇയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
പോർട്ടൽ ആരംഭിച്ചത് മുതൽ നേരിട്ട എല്ലാ സാങ്കേതിക തകരാറുകളും ഐ.ഐ.ടി മദ്രാസ്, കൗൺപൂർ സംഘം വിശദമായി പരിശോധിക്കും. പോർട്ടലിന്റെ സ്ഥിരത, സെർവർ ശേഷി എന്നിവയും വിദ്യാർത്ഥികൾ ഉന്നയിച്ച ലോഗിൻ ഓതന്റിക്കേഷൻ, യൂസർ ആക്സസ് സിസ്റ്റം, പേയ്മെന്റ് ഗേറ്റ് വേ എന്നിവയിലെ തകരാറുകൾ പരിശോധിച്ച് പരിഹാര നിർദേശങ്ങൾ കൈമാറും. എന്നാൽ, വിദ്യാർത്ഥികൾ വ്യാപകമായി പരാതി ഉന്നയിച്ച പുനർമൂല്യനിർണയ ഫീസ് വർദ്ധനവ്, തെറ്റായ വിവരങ്ങൾ കൈമാറൽ തുടങ്ങിയ പ്രശ്നങ്ങളിൽ പരിഹാരത്തിന് ഒരു നടപടിയുമുണ്ടായിട്ടില്ല.
അതേസമയം, ഉത്തരക്കടലാസ് കിട്ടാൻ അപേക്ഷ നൽകാനുള്ള തീയതി അവസാനിച്ചിട്ടുണ്ട്. എന്നാലും വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം തുടരുകയാണ്. ഫീസ് അടച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കിയിട്ടുമില്ല. ശരിയുത്തരം എഴുതിയിട്ടും പൂജ്യം മാർക്ക് ലഭിച്ച നിരവധി ഉത്തരക്കടലാസുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും രോഷവും പ്രതിഷേധവും ശക്തമായിട്ടുണ്ട്. എന്നാൽ, മൂല്യനിർണയത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കാൻ സി.ബി.എസ്.ഇ തയ്യാറായിട്ടില്ല.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ പ്രതിസന്ധി: പ്രത്യേക സംഘത്തെ നിയോഗിച്ച് കേന്ദ്രം
