കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കും. 


FEBRUARY 23, 2021, 12:28 PM IST

മിക്കവാറും മാർച്ച്‌ 2നാവും തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചേക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ 'സംഗമ'ത്തോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് തീയതികൾ  സംബന്ധിച്ച് തീരുമാനമെടുക്കാൻ കമ്മീഷന്‍റെ സമ്പൂർണ യോഗം ഇന്ന് ചേരുകയാണ്. കേരളം, തമിഴ്‍നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള നിർണായക യോഗമാണ് ഡൽഹിയിൽ നടക്കുക.

ഓരോ സംസ്ഥാനങ്ങളിലും എത്ര ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യവും ചർച്ചയാകും. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരെഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്‍റെ പരിഗണനയിലാണ്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം എന്നിവ ഉൾപ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ്  ഷെഡ്യൂൾ പ്രഖ്യാപിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പൊളിംഗ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്സിൻ നൽകും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആദ്യ ഡോസ് സ്വീകരിക്കും. തുടർന്ന് ഓഫീസിലെ ജീവനക്കാർക്കും ആദ്യ ഡോസ് നൽകും.

സംസ്ഥാനത്ത് പോളിംഗ് ഡ്യൂട്ടിയിലുള്ള രണ്ട് ലക്ഷത്തോളം ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പിന് മുൻപ് വാക്സിനേഷൻ നൽകാനാണ് തീരുമാനം. മാർച്ച് 31 നകം വാക്സിനേഷൻ പൂർത്തിയാക്കും. ഇതോടെ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറന്ന് വിതരണം വേഗത്തിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

Other News