കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാംഗങ്ങളുടെ ഒപ്പുകള്‍ വ്യാജമായി ഉപയോഗിച്ചെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി ഐ ഡി) തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര പാര്‍ട്ടി ഓഫിസിലും ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ ഓഫിസിലും പരിശോധന നടത്തി.
സി ഐ ഡിയുടെ മൂന്നാമത്തെ സമന്‍സും അഭിഷേക് ബാനര്‍ജി ഒഴിവാക്കിയതിന് പിന്നാലെയാണ് പരിശോധന നടന്നത്. കൊല്‍ക്കത്തയ്ക്ക് പുറത്തായിരുന്നുവെന്നും കേസ് കല്‍ക്കട്ട ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹാജരാകാതിരുന്നത്.
ഉച്ചയ്ക്ക് ശേഷം 30ഓളം സി ഐ ഡി ഉദ്യോഗസ്ഥര്‍ കാലിഘട്ട് പൊലീസ് സ്റ്റേഷനിലെയും കേന്ദ്ര സേനയിലെയും ഉദ്യോഗസ്ഥരോടൊപ്പം കൊല്‍ക്കത്തയിലെ 30ബി ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര ഓഫിസിലെത്തി. തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ വസതിക്ക് സമീപത്തുള്ള ഈ കെട്ടിടം പാര്‍ട്ടിയുടെ കേന്ദ്ര ഓഫിസായും പ്രവര്‍ത്തിക്കുന്നതാണ്.
നിയമസഭാംഗങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ചത് 30ബി ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലെ പാര്‍ട്ടി കേന്ദ്ര ഓഫിസിലാണെന്ന് അഭിഷേക് ബാനര്‍ജി മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. ആ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധന നടത്തുന്നതെന്ന് ഒരു സി ഐ ഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ സി ഐ ഡി സംഘത്തെ ഓഫിസിലേക്ക് പ്രവേശിപ്പിച്ചില്ലെന്നും ഏകദേശം ഒരു മണിക്കൂറോളം പുറത്തുകാത്തിരിക്കേണ്ടി വന്നെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും ന്യൂഡല്‍ഹിയിലാണുള്ളതെന്നും അവരുടെ അനുമതിയില്ലാതെ പ്രവേശനം അനുവദിക്കാന്‍ കഴിയില്ലെന്നും തൃണമൂല്‍ ട്രഷററും മുന്‍ എം പിയുമായ സുഭാഷിഷ് ചക്രവര്‍ത്തി ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, പരിശോധന തടയാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഘം ഓഫിസിനുള്ളിലേക്ക് പ്രവേശിച്ചു. പരിശോധനയുടെ മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ രേഖപ്പെടുത്തിയതായും കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരെ പരിശോധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
തുടര്‍ന്ന്, പ്രാഥമിക എതിര്‍പ്പുകള്‍ മറികടന്ന ശേഷമാണ് കാമാക് സ്ട്രീറ്റിലുള്ള അഭിഷേക് ബാനര്‍ജിയുടെ ഓഫിസിലും സി ഐ ഡി പരിശോധന നടത്തിയത്.
നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭന്‍ദേവ് ചതോപാധ്യായിയെ തെരഞ്ഞെടുത്തതായി സ്പീക്കര്‍ ബിമന്‍ ബാനര്‍ജിക്ക് അയച്ച കത്തില്‍ നിരവധി തൃണമൂല്‍ എം എല്‍ എമാരുടെ ഒപ്പുകള്‍ വ്യാജമായി ചേര്‍ത്തെന്ന പരാതിയാണ് സി ഐ ഡി അന്വേഷിക്കുന്നത്.
മെയ് ആറിന് പാസാക്കിയതായി പറയപ്പെടുന്ന പ്രമേയം കെട്ടിച്ചമച്ചതാണെന്നും അതിലെ നിരവധി നിയമസഭാംഗങ്ങളുടെ ഒപ്പുകള്‍ വ്യാജമാണെന്നും ആരോപിച്ച് വിമത തൃണമൂല്‍ എം എല്‍ എമാരായ ഋതബ്രത ബാനര്‍ജിയും സന്ദീപന്‍ സാഹയും പരാതി നല്‍കിയിരുന്നു.
നിയമസഭാ സെക്രട്ടേറിയറ്റ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ഹെയര്‍ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് കേസ് സി ഐ ഡിക്ക് കൈമാറുകയും ചെയ്തു.
ഇതുവരെ 13 തൃണമൂല്‍ എം എല്‍ എമാരുടെ മൊഴി സി ഐ ഡി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ബഹാറുല്‍ ഇസ്ലാം, അരൂപ് റോയ്, സുഭാഷിസ് ദാസ് എന്നിവര്‍ രേഖയില്‍ തങ്ങളുടെ പേരില്‍ കാണുന്ന ഒപ്പുകള്‍ തങ്ങളുടേതല്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
കേസ് കല്‍ക്കട്ട ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ജൂണ്‍ 10ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജി സി ഐ ഡിക്ക് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ പരിപാടികളുടെ ഭാഗമായി താന്‍ ന്യൂഡല്‍ഹിയിലായിരുന്നുവെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
അതേസമയം, സി ഐ ഡി സമന്‍സിനെ ചോദ്യം ചെയ്ത് അഭിഷേക് ബാനര്‍ജി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സി നല്‍കിയ നോട്ടീസുകള്‍ക്കെതിരെ സംരക്ഷണം തേടി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ അവധിക്കാല ബെഞ്ചിനെ സമീപിച്ചിരുന്നു.
