ശിവനേയും കാളിയേയും ചിത്രീകരിച്ച വീക്ക് മാഗസിനെതിരെ എഫ് ഐ ആര്‍; ദിബ്രോയ് കോളം അവസാനിപ്പിച്ചു


AUGUST 5, 2022, 9:12 PM IST

കാണ്‍പൂര്‍: ദി വീക്ക് മാഗസിനെതിരെ കാണ്‍പൂര്‍ പൊലീസ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. ശിവന്റേയും കാളിയുടേയും ആക്ഷേപകരമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് കേസ്. ദി വീക്കിന്റെ കോപ്പികള്‍ ഹിന്ദുത്വവാദികള്‍ കത്തിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് സാമ്പത്തിക വിദഗ്ധന്‍ ബിബേക് ദെബ്രോയ് കോളം അവസാനിപ്പിച്ചു. 

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി ജെ പി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശ് ശര്‍മ്മയുടെ പരാതിയെ തുടര്‍ന്ന് കാണ്‍പൂരിലെ കോട്വാലി പൊലീസ് മാഗസിന്‍ എഡിറ്റര്‍ക്കും മാനേജ്‌മെന്റിനും എതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. 

മലയാള മനോരമ ഗ്രൂപ്പ് ഇംഗ്ലീഷില്‍ പുറത്തിറക്കുന്ന മാഗസിന്റെ എഡിറ്റര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഡാ ചൗരാഹയിലാണ് വെള്ളിയാ്‌ഴ്ച ദി വീക്കിന്റെ കോപ്പികള്‍ കത്തിച്ചത്. 

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തലവനായ ബിബേക് ദെബ്രോയ് ജൂലായ് 24ലെ തന്റെ ലേഖനത്തില്‍ ടാഗ് ചെയ്ത കാളി ദേവിയുടെ ചിത്രവുമായി ബന്ധപ്പെട്ട് കോളമിസ്റ്റ് എന്ന നിലയിലുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. 

കാളിയെ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട ഏതാനും ആഴ്ചകള്‍ക്കുള്ളിലെ രണ്ടാമത്തെ വിവാദമാണിത്. കഴിഞ്ഞ മാസം ചലച്ചിത്ര പ്രവര്‍ത്തക ലീന മണിമേഖല കാളിയുടെ വേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതുമായി കാണിക്കുന്ന ഡോക്യുമെന്ററി പോസ്റ്റര്‍ കാനഡയില്‍ പങ്കുവെച്ചതായിരുന്നു ആദ്യത്തെ വിവാദം. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ പ്രകാരം കാണ്‍പൂരില്‍ കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഈസ്റ്റ്) പ്രമോദ് കുമാര്‍ പറഞ്ഞു. മതവികാരങ്ങള്‍ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വ്വം ക്ഷുദ്രകരമായ പ്രവര്‍ത്തികളാണ് ഈ നിമയത്തില്‍ ഉള്‍പ്പെടുന്നത്. അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്കിയതായും ഡി സി പി പറഞ്ഞു. 

ദി വീക്ക് പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ ഹൈവന്ദ വിവാരം വ്രണപ്പെടുത്തുന്നതാണെന്ന് ബി ജെ പി നേതാവ് പ്രകാശ് ശര്‍മ പറഞ്ഞു. മാഗസിന്റെ 62, 63 പേജുകളിലാണ് ആക്ഷേപകരമായ ലേഖനവും ചിത്രവും കണ്ടതെന്നും ശര്‍മ പറഞ്ഞു. 

നേരത്തെ ദി വീക്ക് എഡിറ്റര്‍ ഫിലിപ്പ് മാത്യുവിന് അയച്ച കത്തില്‍ കാളിയെ കുറിച്ചുള്ള തന്റെ കോളത്തിന്റെ ചിത്രീകരണത്തിന്റെ പേരില്‍ മാഗസിനുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ദിബ്രോയ് പറഞ്ഞു. 

ചിത്രം മനഃപൂര്‍വ്വം തെരഞ്ഞെടുത്തത് വിവാദമാക്കാനും പ്രകോപിപ്പിക്കാനുമാണെന്നും കുറഞ്ഞത് താന്‍ അങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തില്‍ പറഞ്ഞു.

Other News