ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രധാന ക്ഷേമപദ്ധതികളിലൊന്നായ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പ്രകാരം ലഭിച്ചിരുന്ന സബ്‌സിഡിയുള്ള എൽപിജി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു. ഇതുവരെ വർഷത്തിൽ ഒൻപത് സിലിണ്ടറുകൾക്ക് ലഭിച്ചിരുന്ന 300 രൂപ സബ്‌സിഡി ഇനി നാല് റീഫില്ലുകൾക്ക് മാത്രമായിരിക്കും ലഭിക്കുക.
ഗാർഹിക പാചകവാതക സിലിണ്ടറിന് 29 രൂപ വിലവർധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നിർണായക മാറ്റം പുറത്തുവന്നത്. രാജ്യത്തെ ഏകദേശം 10.5 കോടി ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ഇനി വർഷത്തിൽ ആദ്യ നാല് റീഫില്ലുകൾക്കു മാത്രമാണ് 300 രൂപ വീതം നേരിട്ടുള്ള ആനുകൂല്യം ലഭിക്കുക.
സർക്കാർ എണ്ണക്കമ്പനികൾക്ക് ഓരോ 14.2 കിലോ എൽപിജി സിലിണ്ടറിലും ഏകദേശം ?700 നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് സബ്‌സിഡി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രവീൺ എം. ഖാനൂജ വിശദീകരിച്ചു. പെട്രോളിലും ഡീസലിലും കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
2025 ഓഗസ്റ്റിൽ കേന്ദ്ര മന്ത്രിസഭ ഉജ്ജ്വല ഗുണഭോക്താക്കൾക്ക് വർഷത്തിൽ ഒൻപത് സിലിണ്ടറുകൾ വരെ 300 രൂപ സബ്‌സിഡി നൽകാൻ അനുമതി നൽകിയിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഇത് നാലായി ചുരുങ്ങി.
2016ൽ ഉത്തർപ്രദേശിലെ ബല്ലിയയിൽ ആരംഭിച്ച ഉജ്ജ്വല പദ്ധതി ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പിന്നീട് ആദ്യ സിലിണ്ടറും അടുപ്പും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചു. കോവിഡ് കാലത്ത് ഗുണഭോക്താക്കൾക്ക് സൗജന്യ സിലിണ്ടറുകളും നൽകിയിരുന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലെ അനിശ്ചിതത്വവും വർധിച്ച സബ്‌സിഡി ബാധ്യതയും കണക്കിലെടുത്താണ് പുതിയ തീരുമാനം എടുത്തതെന്നാണ് വിലയിരുത്തൽ. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ഗാർഹിക എൽപിജിയുമായി ബന്ധപ്പെട്ട നഷ്ടം 60,000 കോടി രൂപയായി ഉയർന്നതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു.
സബ്‌സിഡി ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം കുറച്ചതോടെ ഉജ്ജ്വല പദ്ധതിയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് അധിക സാമ്പത്തികഭാരം ഉണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഉജ്ജ്വല പദ്ധതിയിൽ സബ്‌സിഡി സിലിണ്ടറുകൾ വെട്ടിക്കുറച്ചു; ഇനി വർഷത്തിൽ നാല് റീഫില്ലുകൾക്ക് മാത്രം ആനുകൂല്യം
