അടുത്ത ചീഫ് ജസ്റ്റിസ് ആയി യു.യു. ലളിതിനെ നിര്‍ദ്ദേശിച്ച് രമണ


AUGUST 5, 2022, 7:45 AM IST

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് യു.യു. ലളിതിനെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ നാമനിര്‍ദ്ദേശം ചെയ്തു.

സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ലളിത്. കേന്ദ്ര സര്‍ക്കാര്‍അദ്ദേഹത്തിന്റെ പേര് അംഗീകരിച്ചാല്‍ രാജ്യത്തിന്റെ 49ആം ചീഫ് ജസ്റ്റിസ് ആയി അദ്ദേഹം ചുമലയേല്‍ക്കും. സുപ്രീം കോടതി ബാറില്‍ നിന്ന് നേരിട്ട് ജഡ്ജിയായി നിയോഗിക്കപ്പെട്ട വ്യക്തിയാണ് ജസ്റ്റിസ് ലളിത്.

മൂന്ന് മാസത്തെ സേവന കാലാവധി മാത്രമേ ജസ്റ്റിസ് ലളിതിനുണ്ടാവൂ. നവംബര്‍ 8ന് അദ്ദേഹം വിരമിക്കും. ചീഫ് ജസ്റ്റിസ് രമണ ഓഗസ്റ്റ് 26ന് റിട്ടയര്‍ ചെയ്യും.

കോടതിയലക്ഷ്യക്കുറ്റത്തിന് വിജയ് മല്യയെ നാല് മാസം തടവിനും 2000 രൂപ പിഴക്കും ശിക്ഷിച്ച ലളിത് ട്രിപ്പിള്‍ തലാക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലും അംഗമായിരുന്നു.

Other News