ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പാകിസ്ഥാന്‍ സുരക്ഷാസേനയുടെ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും പാകിസ്താനെ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
റാവലക്കോട്ടില്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെ എ എ സി) പ്രവര്‍ത്തകര്‍ക്കുനേരെ പാകിസ്താന്‍ സുരക്ഷാസേന നടത്തിയ വെടിവയ്പിനെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രതികരണം.
മരണസംഖ്യ സംബന്ധിച്ച് പാകിസ്താന്‍ അധികൃതര്‍ പുറത്തുവിട്ട കണക്കുകളില്‍ വൈരുധ്യമുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ കൂടുതലായിരിക്കാമെന്ന സൂചന നല്‍കുന്നുണ്ട്.
നിരവധി പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും 'എക്‌സ്' പ്ലാറ്റ്‌ഫോമിലൂടെ യഥാര്‍ഥ മരണസംഖ്യ ഡസന്‍ കണക്കിന് ആണെന്ന് അവകാശപ്പെട്ടിട്ടുണ്ട്.
പാക് അധീന കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാകിസ്താന്‍ വ്യാജവാര്‍ത്തകളും തെറ്റായ പ്രചാരണങ്ങളും നടത്തുന്നതെന്നും ഇന്ത്യ ആരോപിച്ചു.
പ്രതിഷേധം ബ്രിട്ടനിലേക്കും വ്യാപിച്ചിട്ടുണ്ട്. അവിടെയുള്ള കശ്മീരി പ്രവാസികള്‍ പാകിസ്താന്‍ നയതന്ത്ര ദൗത്യ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുമായി നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിന് കുറഞ്ഞത് 30 ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിലക്കയറ്റം, വൈദ്യുതി നിരക്ക് വര്‍ധന, ഗോതമ്പ് വില, ഭരണപരമായ വീഴ്ചകള്‍, രാഷ്ട്രീയ പ്രാതിനിധ്യക്കുറവ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാക് അധീന കശ്മീരില്‍ തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്.
ബ്രിട്ടന്‍ ആസ്ഥാനമായുള്ള പാകിസ്താന്‍ വംശജയായ മനുഷ്യാവകാശ അഭിഭാഷക സബീന്‍ കയാനി പാകിസ്താന്‍ സൈന്യത്തിന്റെയും സൈനിക മേധാവി അസിം മുനീറിന്റെയും നേതൃത്വത്തിലുള്ള ഭരണസംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. കശ്മീരികളെ പൗരന്മാരായല്ല, ആഭ്യന്തര ശത്രുക്കളായാണ് കാണുന്നതെന്നും റാവലക്കോട്ടിലെ രക്തച്ചൊരിച്ചില്‍ ഗുരുതരമായ ധാര്‍മിക വഞ്ചനയാണെന്നും അവര്‍ പറഞ്ഞു.
ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ വംശജനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലാവുദ്ദീനും ജമ്മു- കശ്മീരിനെക്കുറിച്ച് ഇസ്ലാമാബാദ് ഉന്നയിക്കുന്ന ആരോപണങ്ങളെക്കാള്‍ ഗുരുതരമാണ് പാക് അധീന കശ്മീരിലെ സാഹചര്യമെന്ന് അഭിപ്രായപ്പെട്ടു.
