' ഇന്ത്യ മിഥ്യാഭ്രമത്തിലാകരുത്'; വീണ്ടും ഭീഷണിയുമായി പാക് പ്രതിരോധ മേധാവി ആസിം മുനീര്‍

' ഇന്ത്യ മിഥ്യാഭ്രമത്തിലാകരുത്'; വീണ്ടും ഭീഷണിയുമായി പാക് പ്രതിരോധ മേധാവി ആസിം മുനീര്‍


ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും കടുത്ത പരാമര്‍ശങ്ങളുമായി പാകിസ്ഥാന്റെ പുതുതായി നിയമിതനായ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സസ് (CDF) ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍. ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും 'ആക്രമണം' ഉണ്ടായാല്‍ പാകിസ്ഥാന്റെ പ്രതികരണം ഇതുവരെ കണ്ടതിലും 'വേഗത്തിലും കടുപ്പത്തിലും ശക്തിയിലും കൂടുതലായിരിക്കും' എന്ന്  മുന്നറിയിപ്പ് നല്‍കി. ഇന്ത്യ ഏതൊരു തരത്തിലുള്ള മിഥ്യാഭ്രമത്തിലും ആകരുതെന്നും മുനീര്‍ പറഞ്ഞു.

പാകിസ്ഥാന്റെ ആദ്യ സിഡിഎഫ് ആയി നിയമിതനായതിനെ തുടര്‍ന്ന് സംഘടിപ്പിച്ച സൈനിക ചടങ്ങില്‍ മൂന്ന് സേനകളിലെ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുനീര്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. പാകിസ്ഥാന്‍ സമാധാനപരമായ രാജ്യമാണെന്ന് അവകാശപ്പെട്ടെങ്കിലും, രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെയോ ആത്മാഭിമാനത്തെയോ പരീക്ഷിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നല്‍കി. ചടങ്ങില്‍ പാക് കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളുടെയും സേനാഭാഗങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇന്ത്യ മേയ് 7ന് പാക്കിസ്ഥാനും പാക്കിസ്ഥാന്‍ അധീന കശ്മീരിലും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 'ഓപ്പറേഷന്‍ സിന്ദൂര്‍' നടപ്പാക്കിയിരുന്നു. തുടര്‍ന്ന് നാല് ദിവസത്തോളം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം മേയ് 10ന് സൈനിക നടപടികള്‍ അവസാനിപ്പിക്കാനുള്ള ധാരണയിലേക്കാണ് ഇരു രാജ്യങ്ങളും എത്തിയത്.

അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ചും മുനീര്‍ ശക്തമായ നിലപാട് വ്യക്തമാക്കി. കാബൂളിലെ താലിബാന്‍ ഭരണകൂടത്തിന് വ്യക്തമായ സന്ദേശം നല്‍കിയിട്ടുണ്ടെന്നും ആസിം മുനീര്‍ പറഞ്ഞു.

പുതുതായി സ്ഥാപിച്ച ഡിഫന്‍സ് ഫോഴ്‌സസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചരിത്രം കുറിച്ച അടിസ്ഥാനമാറ്റത്തിന്റെ പ്രതീകമാണെന്നും, മാറിവരുന്ന ഭീഷണികള്‍ കണക്കിലെടുത്ത് മൂന്ന് സേനകളുടെയും ഏകീകൃത സംവിധാനത്തില്‍ മള്‍ട്ടിഡൊമെയിന്‍ ഓപ്പറേഷനുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുനീര്‍ പറഞ്ഞു. ഓരോ സേനയും തങ്ങളുടെ പ്രത്യേകതയും സജ്ജീകരണവും നിലനിര്‍ത്തുമെന്നും, സി.ഡി.എഫ് ആസ്ഥാനമാണ് സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം വഹിക്കുകയെന്നുമാണ് വിശദീകരണം. ചടങ്ങില്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സാഹീര്‍ അഹമ്മദ് ബാബര്‍ സിദ്ധു, നാവികസേന മേധാവി അഡ്മിറല്‍ നവീദ് അഷ്‌റഫ് എന്നിവരടക്കം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കഴിഞ്ഞ മാസം പാകിസ്ഥാനില്‍ പാസാക്കിയ 27ാം ഭരണഘടനാ ഭേദഗതിയുടെയും സേനാഭേദഗതികളുടെയും തുടര്‍ച്ചയായാണ് സിഡിഎഫ് സ്ഥാനം രൂപീകരിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് മുനീറിന്റെ നിയമനം; ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് പദവിയും അദ്ദേഹം ഒരേസമയം വഹിക്കും. മൂന്ന് സേനകളെയും ദേശീയ സ്ട്രാറ്റജിക് കമാന്‍ഡിനെയും(ആണവായുധ, മിസൈല്‍ സംവിധാനങ്ങള്‍ അടക്കം)നിരീക്ഷിക്കുന്ന അധികാരത്തോടെ, രാജ്യത്തെ ഏറ്റവും ശക്തനായ സൈനിക നേതാവായി മുനീര്‍ മാറുന്നു.

ഇന്ത്യയ്‌ക്കെതിരെ മുനീറിന്റെ ഭീഷണി പുതുമയല്ല. മുമ്പും കശ്മീര്‍ 'പാകിസ്ഥാന്റെ ജഗുലര്‍ വെയിന്‍' ആണെന്നും, ഇന്ത്യയുടെ 'യുദ്ധഭ്രമം തകര്‍ക്കാന്‍' ഇസ്ലാമാബാദിന് ശേഷിയുണ്ടെന്നുമുള്ള പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിരുന്നു. ഇതേസമയം പാകിസ്ഥാനിലെ രാഷ്ട്രീയ കലഹങ്ങളെക്കുറിച്ച് ഇന്ത്യ കടുത്ത പരാമര്‍ശവും നടത്തി. പാകിസ്ഥാനിലെ ജനാധിപത്യാവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി 'ജനാധിപത്യവും പാകിസ്ഥാനും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും അധികം പറയാതിരിക്കുന്നതാണ് നല്ലതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചിരുന്നു.