ഇന്ത്യന്‍ വംശജനായ സിഇഒ 500 മില്യണ്‍ ഡോളര്‍ തട്ടിപ്പ് നടത്തി മുങ്ങി; കബളിപ്പിക്കപ്പെട്ടവരില്‍ ബ്ലാക്‌റോക്ക് ഉള്‍പ്പെടെ ആഗോള വായ്പദാതാക്കള്‍

ഇന്ത്യന്‍ വംശജനായ സിഇഒ 500 മില്യണ്‍ ഡോളര്‍ തട്ടിപ്പ് നടത്തി മുങ്ങി; കബളിപ്പിക്കപ്പെട്ടവരില്‍ ബ്ലാക്‌റോക്ക് ഉള്‍പ്പെടെ ആഗോള വായ്പദാതാക്കള്‍


ന്യൂഡല്‍ഹി:  ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ബ്ലാക്‌റോക്ക് ഉള്‍പ്പെടെ നിരവധി പ്രധാന വായ്പദാതാക്കളെ വഞ്ചിച്ചുവെന്നാരോപിച്ച് ഇന്ത്യന്‍ വംശജനായ ടെലികോം വ്യവസായി ബാങ്കിം ബ്രഹ്മഭട്ടിനെതിരെ അമേരിക്കയില്‍ 500 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള വന്‍ തട്ടിപ്പ് കേസ്.

ബ്രഹ്മഭട്ടിന്റെ ഉടമസ്ഥതയിലുള്ള ബ്രോഡ്ബാന്‍ഡ് ടെലികോം  ബ്രിഡ്ജ്‌വോയ്‌സ് എന്നീ സ്ഥാപനങ്ങള്‍ വ്യാജ ഇന്‍വോയിസുകളും കൃത്രിമ അക്കൗണ്ടുകളും ഉണ്ടാക്കി അവ വായ്പയ്ക്കുള്ള അടസ്ഥാന രേഖകളായി ഉപയോഗിച്ചതായാണ് പരാതി.

എച്ച് പി എസ്  ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്ട്‌ണേഴ്‌സ്, ബ്ലാക്‌റോക്കിന്റെ സ്വകാര്യ ക്രെഡിറ്റ് വിഭാഗം, എന്നിവ 2020 മുതല്‍ ഈ കമ്പനികള്‍ക്ക് വന്‍തുക വായ്പയായി നല്‍കിയിരുന്നു. 2024 ഓഗസ്റ്റ് വരെ ആകെ നിക്ഷേപം 430 മില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വായ്പകളില്‍ ഏകദേശം പകുതി ഫണ്ടുചെയ്തത് ഫ്രഞ്ച് ബാങ്കായ ബിഎന്‍പി പാരിബാസ് ആയിരുന്നു.

2025 ജൂലൈയില്‍ വ്യാജ കസ്റ്റമര്‍ ഇമെയില്‍ വിലാസങ്ങള്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അന്വേഷണത്തില്‍, നിരവധി 'കസ്റ്റമര്‍' ഇമെയിലുകള്‍ വ്യാജ ഡൊമെയ്‌നുകളില്‍ നിന്നുള്ളതും കരാറുകള്‍ കൃത്രിമവുമായിരുന്നുവെന്നും കണ്ടെത്തി.

അന്വേഷണത്തിനിടെ ബ്രഹ്മഭട്ട് ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കുകയും പിന്നീട് കാണാതാവുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലുളള ഓഫീസുകള്‍ അടഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ കമ്പനികള്‍ നല്‍കിയ എല്ലാ ഇന്‍വോയിസ് പരിശോധനാ രേഖകളും വ്യാജമായിരുന്നുവെന്നും കോടികള്‍ ഇന്ത്യയിലും മൗറീഷ്യസിലുമുള്ള ഓഫ്‌ഷോര്‍ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കേസ് പറയുന്നു.

ബ്രഹ്മഭട്ടിനെതിരെ ക്വിന്‍ ഇമ്മാനുവല്‍ നിയമസ്ഥാപനവും സിബിഐസിഡ് ഓഡിറ്റ് സ്ഥാപനവും ചേര്‍ന്നാണ് അന്വേഷണം തുടരുന്നത്.