ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ തെറ്റിദ്ധാരാണ പടര്‍ത്തുന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നെന്ന് ആരോപിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് എതിരെ നിയമ നടപടിക്ക് നീക്കം. ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്‍ (എഫ്‌ഐപി) ആണ് വാള്‍സ്ട്രീറ്റ് ജേണല്‍, റോയിട്ടേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഒരു വിഭാഗം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് നിഗമനങ്ങള്‍ നടത്തി വാര്‍ത്തകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്റെ ആരോപണം. അപകടം സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെ ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് നിരുത്തരവാദിത്തപരമാണ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പങ്കുവച്ച വാള്‍സ്ട്രീറ്റ് ജേണല്‍, റോയിട്ടേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാപ്പ് പറയണം എന്നാണ് ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്റെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി സംഘടന മാധ്യമ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നോട്ടീസ് അയച്ചു. വിമാനാപകടം ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ വസ്തുതകളുടെ വാര്‍ത്തകള്‍ നല്‍കുന്നത് തെറ്റായ പ്രതീതി സൃഷ്ടിക്കും. ഇന്ത്യന്‍ വ്യോമയാന മേഖലയുടെ സുരക്ഷയെക്കുറിച്ച് ജനങ്ങളില്‍ ഉത്കണ്ഠസൃഷ്ടിക്കേണ്ട സമയമല്ല ഇതെന്നും നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നടത്തിയ അന്വേഷണത്തെ പരാമര്‍ശിച്ച് അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കുന്ന രീതി തെറ്റാണ്. ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പൈലറ്റുമാരുടെ വ്യക്ത്വത്തെ കളങ്കപ്പെടുത്തുന്നതും കുടുംബങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്നും റോയിട്ടേഴ്‌സിനെ പരാമര്‍ശിച്ച് ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്‍ പറയുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന 2025 ജൂലൈ 17 ലെ റോയിട്ടേഴ്‌സ് ലേഖനം ഉടനടി തിരുത്തുകയെ പിന്‍വലിക്കുകയോ ചെയ്യണം എന്നും നോട്ടീസ് വ്യക്തമാക്കുന്നു.
വിമാനാപകടം സംബന്ധിച്ച് അന്തിമ നിഗമനങ്ങള്‍ പുറത്തിറക്കിയിട്ടില്ലെന്നും ലേഖനം ദ്വിതീയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അംഗീകരിച്ച് വിശദീകരണം നല്‍കാനും എഫ്‌ഐപി റോയിട്ടേഴ്‌സിനോട് ആവശ്യപ്പെടുന്നു. നിര്‍ദേശം പാലിക്കാത്ത പക്ഷം നിയമപരമായ വഴികള്‍ തേടുമെന്നും ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കുന്നു
എയര്‍ഇന്ത്യ വിമാനാപകടത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്‍
