തിരുവനന്തപുരം: ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിലക്കയറ്റം നിയന്ത്രിത സാഹചര്യത്തിലാണെങ്കിലും കേരളത്തില്‍ ഉയര്‍ന്ന നിലയില്‍. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (എന്‍ എസ് ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തിലെ വിലക്കയറ്റം 9.4 ശതമാനമാണെങ്കില്‍ ദേശീയ ശരാശരി കേവലം 2.07 ശതമാനം മാത്രമാണ്.
രാജ്യത്തെ 22 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ കണക്കെടുപ്പില്‍ കേരളം 9 ശതമാനത്തിന് മുകളില്‍ വിലക്കയറ്റം രേഖപ്പെടുത്തിയാണ് ആദ്യ സ്ഥാനത്തെത്തിയത്. പിന്നാലെ കര്‍ണാടക (3.8 ശതമാനം), പഞ്ചാബ് (3.5) എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളില്‍ വിലവര്‍ധനവിന്റെ തോത് താരതമ്യേന മിതമായതായിരുന്നു.
എസ് ബി ഐയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യകാന്തി ഘോഷ് കേരളത്തിലെ സാഹചര്യം 'ശ്രദ്ധേയമായ മാറ്റം' ആണെന്ന് വിലയിരുത്തി. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ വിലക്കയറ്റം 10.1 ശതമാനമാണെന്നും നഗരപ്രദേശങ്ങളില്‍ 7.2 ശതമാനമാണെന്നുമാണ് വിലയിരുത്തല്‍.
സൗമ്യകാന്തി ഘോഷ് വിശദീകരിച്ചതനുസരിച്ച്, വിലക്കയറ്റത്തിന്റെ പ്രധാന ഘടകമായി എണ്ണയും കൊഴുപ്പുകളും മാറിയിട്ടുണ്ട്. കേരളത്തില്‍ വിളിച്ചെണ്ണയുടെ വിലയില്‍ ഉണ്ടായ കുത്തനെ ഉയര്‍ച്ച, കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുള്ള ഉത്പാദന സമ്മര്‍ദ്ദം തുടങ്ങിയവ വിലവര്‍ധനയില്‍ നിര്‍ണായക പങ്കുവഹിച്ചു.
അതുപോലെ കേരളത്തിന്റെ ഉപഭോക്തൃ വില സൂചികയില്‍ വ്യക്തിഗത പരിചരണ വിഭാഗത്തിന് കൂടുതലായ ഭാരം നല്‍കിയിട്ടുണ്ട്. ഇതില്‍ സ്വര്‍ണ്ണവിലയും ഉള്‍പ്പെടുന്നു. സ്വര്‍ണ്ണവിലയില്‍ ഉണ്ടായ കുതിച്ചുയര്‍ച്ചയും സംസ്ഥാനത്തിലെ മൊത്തം ഇന്‍ഫ്‌ളേഷന്‍ നിരക്ക് ഉയരാന്‍ കാരണമായി.
