ശ്രീഹരിക്കോട്ട: ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ ദൂരസമ്പര്‍ക്ക ഉപഗ്രഹമായ സി എം എസ്03 (ജിസാറ്റ്-7ആര്‍) ഐ എസ് ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ സ്വതന്ത്ര ഉപഗ്രഹ സാങ്കേതികതയിലേക്കും സമുദ്രസുരക്ഷാ ശേഷികളിലേക്കുമുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ ദൗത്യം കണക്കാക്കപ്പെടുന്നത്.
ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണപീഠത്തില്‍ നിന്ന് വൈകിട്ട് 5:26നാണ് ഇന്ത്യന്‍ റോക്കറ്റുകളുടെ ബാഹുബലി എന്നറിയപ്പെടുന്ന എല്‍ വി എം3-എം5ല്‍ വിക്ഷേപണം നടത്തിയത്.
ഉപഗ്രഹം വിജയകരമായി വേര്‍പെട്ടതായും കൃത്യമായ ഇന്‍ജെക്ഷന്‍ പൂര്‍ത്തിയായതായും ഐ എസ് ആര്‍ ഒ വ്യക്തമാക്കി.
ഇത് എല്‍ വി എം 3 വിക്ഷേപണവാഹനത്തിന്റെ അഞ്ചാമത്തെ പ്രവര്‍ത്തനദൗത്യമാണെന്നും കഴിഞ്ഞ തവണ ചന്ദ്രയാന്‍-3 വിക്ഷേപണത്തിനാണ് ഈ വാഹനം ഉപയോഗിച്ചതെന്നും ഏജന്‍സി അറിയിച്ചു.
എല്‍ വി എം 3യുടെ തുടര്‍ച്ചയായ എട്ടാമത്തെ വിജയകരമായ വിക്ഷേപണമാണിതതെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു. സി എം എസ് 03 ജി ടി ഒ ലക്ഷ്യത്തിലേക്ക് പ്രവേശിപ്പിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണെന്നും വാഹനത്തിന്റെ പേലോഡ് ശേഷി 10 ശതമാനം വര്‍ധിപ്പിച്ച് പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപഗ്രഹത്തിന് 15 വര്‍ഷത്തെ ആയുസ്സാണുള്ളത്. നിരവധി പുതിയ സാങ്കേതികവിദ്യകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പ്രതിസന്ധിയാര്‍ന്ന കാലാവസ്ഥയിലായിട്ടും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും ഉപഗ്രഹം സ്ഥാപിച്ചതിന് ശേഷം സി20 ക്രയോജെനിക് എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത് ആദ്യമായാണെന്നും ഇതിലൂടെ എല്‍ വി എം 3 ഉപയോഗിച്ച് ബഹുവിധ ലക്ഷ്യങ്ങളിലേക്കുള്ള വിക്ഷേപണങ്ങള്‍ ഇനി സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഉപഗ്രഹം ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി വികസിപ്പിച്ച സ്വദേശീയ അത്യാധുനിക ഘടകങ്ങള്‍ ഉള്‍ക്കൊണ്ടതാണ്.
