ജോഡോ യാത്ര സമാപിച്ചു; സമാപന ചടങ്ങില്‍ ഇടമുറിയാതെ പെയ്ത മഞ്ഞില്‍ വികാരാധീനനായി രാഹുല്‍


JANUARY 30, 2023, 7:27 PM IST

ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ ഇടമുറിയാതെ പെയ്യുന്ന മഞ്ഞില്‍ വികാരാധീനനായി രാഹുല്‍ ഗന്ധി. തന്നെ കേള്‍ക്കാന്‍ തടിച്ചു കൂടിയ നൂറുകണക്കിനാളുകളെ നോക്കി രാജ്യം കഴിഞ്ഞ 136 ദിവസമായി തനിക്കു നല്‍കിക്കൊണ്ടിരുന്ന സ്നേഹം അദ്ദേഹം ഓര്‍ത്തെടുത്തു.

'ഞാന്‍ ഒരുപാട് പഠിച്ചു. എനിക്ക് നല്ല വേദന അനുഭവപ്പെടുമായിരുന്നു. ആറേഴു മണിക്കൂര്‍ നടക്കണമെന്ന് ഞാന്‍ കരുതും. എന്നാല്‍ എനിക്കത് ഏറെ പ്രയാസമായിരുന്നു. ഒരു ദിവസം ഒരു കൊച്ചു പെണ്‍കുട്ടി എനിക്കരികിലേക്ക് ഓടി വന്നു. എനിക്കായി എഴുതിയതെന്ന് പറഞ്ഞ് ഒരു കടലാസു തുണ്ട് എന്റെ കയ്യില്‍ തന്നു. പിന്നെ എന്നെ കെട്ടിപ്പിടിച്ചു. ആള്‍ക്കൂട്ടത്തിലേക്ക് മറഞ്ഞു പോയി. അവളെഴുതിയ കുറിപ്പ് ഞാന്‍ വായിച്ചു' അദ്ദേഹം തുടര്‍ന്നു.

'നിങ്ങളുടെ കാല്‍മുട്ടുകള്‍ വേദനിക്കുന്നത് എനിക്ക് കാണാം. കാരണം നിങ്ങള്‍ നടക്കുമ്പോള്‍ നിങ്ങളുടെ മുഖത്ത് ആ വേദന എനിക്ക് വായിക്കാമായിരുന്നു. എനിക്ക് നിങ്ങള്‍ക്കൊപ്പം നടക്കാനാവില്ല. എന്നാല്‍ ഞാന്‍ ഹൃദയം കൊണ്ട് ഞാന്‍ നിങ്ങളോട് ചേര്‍ന്ന് നടക്കുന്നുണ്ട്. കാരണം എനിക്കറിയാം നിങ്ങള്‍ എനിക്കും എന്റെ ഭാവിക്കും വേണ്ടിയാണ് നടക്കുന്നതെന്ന്' ഇതായിരുന്നു ആ കുഞ്ഞുപെണ്‍കുട്ടിയുടെ കുറിപ്പ. ആ നിമിഷം. ആ വാക്കുകള്‍ വായിച്ച ആ നിമിഷം എന്റെ എല്ലാ വേദനയും അപ്രത്യക്ഷമായി.ഇടമുറിയാതെ പെയ്യുന്ന മഞ്ഞില്‍ സ്നേഹത്തിന്റെ ജ്വല ഉയര്‍ത്തി രാഹുല്‍ പറഞ്ഞു.

കരഞ്ഞു കൊണ്ട് നിരവധി സ്ത്രീകള്‍ അവരുടെ ജീവിതം പറഞ്ഞു. തണുത്തു വിറച്ചു നാലു കുട്ടികള്‍ അടുത്ത് വന്നു,അവര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ഇല്ലായിരുന്നു. ആ നിമിഷം മുതലാണ് ജാക്കറ്റോ സ്വെറ്ററോ ഇല്ലാതെ അവരെ പോലെ നടക്കാന്‍ തുടങ്ങിയത്. അദ്ദേഹം പറഞ്ഞു.

ജീവിക്കുകയാണെങ്കില്‍ പേടി കൂടാതെ ജീവിക്കണം. അതാണ് എന്നെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചത്. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും രാഹുല്‍ ഓര്‍മിച്ചു. മോദി, അമിത് ഷാ, ബി.ജെ.പി നേതാക്കള്‍ക്ക് ഇത് മനസിലാകില്ല. എനിക്കും സഹോദരിക്കും മനസിലാവും. ബി.ജെ.പിയിലെ നേതാക്കള്‍ കാശ്മീരിലൂടെ യാത്ര ചെയ്യില്ല. കശ്മീരികളുടെ സങ്കടം ബിജെപി നേതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിവില്ല. ഇത്തരം അനുഭവം നിരവധി കശ്മീരി കുടുംബങ്ങള്‍ക്ക് ഉണ്ടായിരിക്കാം. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തോട് ഒരുമിച്ച് പോരാടുമെന്നും രാഹുല്‍ പറഞ്ഞു. ജമ്മുകശ്മീരിലെത്തുന്നത് സ്വന്തം വീട്ടിലെത്തുന്നതു പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനൊന്ന് പ്രതിപക്ഷ പാര്‍ട്ടികളാണ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചുകൊണ്ട് നൂറുകണക്കിനാളുകളാണ് രാഹുലിനെ കാണാന്‍ തടിച്ചുകൂടിയത്.

Other News