കര്‍ണാടക: വിമത എംഎല്‍എമാരുടെ രാജിയില്‍ ബുധനാഴ്ച തീരുമാനമെടുക്കാമെന്ന് സ്പീക്കര്‍


JULY 16, 2019, 2:07 PM IST

ന്യൂഡല്‍ഹി :  കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ ബുധനാഴ്ച തീരുമാനമെടുക്കാമെന്ന് സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചു.

അയോഗ്യതയിലും രാജിയിലും തീരുമാനമെടുക്കാന്‍ അതു വരെ സമയം നല്‍കണമെന്ന് സ്പീക്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.വിമത എംഎല്‍എമാര്‍ ജൂലൈ 6ന് രാജി നല്‍കിയതു മുതല്‍ എന്ത് ചെയ്‌തെന്ന് സ്പീക്കറോട് കോടതി ചോദിച്ചു.

കോടതിയില്‍ ഹര്‍ജി നല്‍കുന്നതുവരെ സ്പീക്കര്‍ ഒന്നും ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം കര്‍ണാടകയില്‍ സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അഭിപ്രായപ്പെട്ടു.

സ്പീക്കര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിക്കാനാവില്ലെന്നും രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയിലെ വാദം സുപ്രീംകോടതിയില്‍ ആരംഭിച്ചു. വിമത എംഎല്‍എമാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹാജരായത്. അയോഗ്യതയും രാജിയും കൂട്ടിക്കുഴയ്ക്കാനാവില്ലെന്ന് റോത്തഗി വാദിച്ചു.

സ്വതന്ത്രമായിട്ടാണ് വിമത എംഎല്‍എമാര്‍ രാജി തീരുമാനം എടുത്തതെന്നും റോത്തഗി കോടതിയെ അറിയിച്ചു.അതേസമയം, കോണ്‍ഗ്രസ് - ജെ ഡി എസ് സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും.

Other News