കര്‍ണാടകയില്‍ 12 സീറ്റില്‍ ബിജെപിക്ക് വിജയം; കോണ്‍ഗ്രസ് രണ്ടില്‍ ഒതുങ്ങി


DECEMBER 9, 2019, 3:42 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ നടന്ന നിര്‍ണായക ഉപതെരഞ്ഞെടുപ്പില്‍  15 ല്‍ 12 സീറ്റില്‍ വിജയിച്ച്  ബിജെപിയ്ക്ക് സംസ്ഥാന ഭരണം ഉറപ്പിച്ചുനിര്‍ത്തി. കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റുമാത്രമേ ലഭിച്ചുള്ളൂ. ജെഡിഎസ് പൂജ്യത്തില്‍ ഒതുങ്ങി. കോണ്‍ഗ്രസും ജെഡിഎസും വിട്ട് ബിജെപിയില്‍ ചേര്‍ന്നവരെയാണ് 13 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്.

15 കോണ്‍ഗ്രസ് -ജെഡിഎസ് എംഎല്‍എമാര്‍ അയോഗ്യരായതോടെയാണ് കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 67.91 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറിയ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി നേട്ടമുണ്ടായിരിക്കുന്നത്. ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ ഏഴുസീറ്റുകളിലെ ജയം അനിവാര്യമായിരുന്നു.

കര്‍ണാടകയില്‍ ആകെ സീറ്റ് 222ആണ്. ബിജെപിക്ക് 118, കോണ്‍ഗ്രസ് 68, ജെഡിഎസ് 34. മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

Other News