കാശ്മീര്‍ വിഘടനവാദികള്‍ ഇനി എന്തുചെയ്യും


AUGUST 5, 2019, 1:51 PM IST

ന്യൂഡല്‍ഹി: കാശ്മീരിന്റെ പ്രത്യക പദവി എടുത്തുകളയാനുള്ള ആര്‍ട്ടിക്കില്‍ 370 ഭേദഗതി നിയമമായതോടെ കശ്മീര്‍ യഥാര്‍ത്ഥത്തില്‍  ഇന്ത്യയുടെ ഭാഗമായി. ഇതുവരെ വിദേശകാര്യം,പ്രതിരോധം, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിയമങ്ങള്‍ മാത്രമേ കാശ്മീരിന് ബാധകമായിരുന്നുള്ളൂ. പൗരത്വം, സ്വത്തവകാശം,മൗലികാവകാശങ്ങള്‍ എന്നിവ സംബന്ധിച്ച നിയമ നിര്‍മ്മാണം സംസ്ഥാനസര്‍ക്കാറിന്റെ അവകാശമായിരുന്നു. അതിനാല്‍ ജനോപകരാപ്രദമായ നയങ്ങള്‍ നടപ്പിലാക്കാന്‍ പോലും കേന്ദ്രത്തിന് കഴിയാതെ പോയി. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നത്. ഇതോടെ കാശ്മീര്‍ മറ്റേത് സംസ്ഥാനങ്ങളേയും പോലെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനമായി മാറും. രാജ്യത്തെ ആര്‍ക്കും അവിടെ വസ്തുക്കള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ തടസ്സമുണ്ടാകില്ല.

കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയണമെന്നുള്ളത് വര്‍ഷങ്ങളായി ബി.ജെ.പി ഉയര്‍ത്തുന്ന ആവശ്യങ്ങളിലൊന്നാണ്. എല്ലാ തെരഞ്ഞെടുപ്പ് പ്രചരണപത്രികയിലും അവര്‍ അത് ഉള്‍ക്കൊള്ളിക്കാറുമുണ്ട്. 2004 ല്‍ വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് സാധ്യകളുയര്‍ന്നെങ്കിലും ഭൂരിപക്ഷം കുറവായതിനാല്‍ നീട്ടിവയ്ക്കുകയായിരുന്നു. അതേസമയം ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യമാഗ്രഹിക്കുന്ന ഒരു വലിയ വിഘടനഭീകരവാദ കൂട്ടം ഈ തീരുമാനത്തെ എങ്ങിനെ സ്വീകരിക്കുമെന്നത് കണ്ടറിയണം. ഇന്ത്യയില്‍ നിന്നും കാശ്മീരിനെ സ്വതന്ത്രരാക്കാന്‍ നടക്കുന്ന ഇവരെ ഈ നിയമനടപടി പ്രകോപിതരാക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

കാശ്മീരികളിലെ ഭീകരവാദികളെ സഹായിക്കുന്ന പാക്കിസ്ഥാനും ഭേദഗതി തിരിച്ചടിയായിരിക്കും. കശ്മീര്‍ മേഖല ചരിത്രത്തില്‍ ഇതുവരെ  കാണാത്ത അശാന്തിയിലേയ്ക്ക് നീങ്ങാനുള്ള സാധ്യതയാണ് ഇപ്പോള്‍ മുന്നിലുള്ളത്. അന്താരാഷ്ട തലത്തിലും ഭേദഗതി ചലനമുണ്ടാക്കും. ഇന്ത്യ കാശ്മീരിനെ തങ്ങളുടെ ഭാഗമാണെന്ന് ഭേദഗതി വരുത്തി പ്രഖ്യാപിച്ചതോടെ ഇനി പാക്കിസ്ഥാന്റെ മുന്നില്‍ യുദ്ധം മാത്രമാകും പോംവഴി. ചൈനയ്ക്കും ഈ മേഖലയില്‍ താല്‍പര്യങ്ങളുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ പ്രശ്‌നങ്ങളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ എങ്ങിനെ നേരിടും എന്നതും പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഒരു യുദ്ധത്തിലേയ്ക്ക് നീങ്ങാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകും കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News