നഴ്‌സുമാര്‍ക്കും, ഡെന്റിസ്റ്റുകള്‍ക്കും എം.ബി.ബി.എസ് കോഴ്‌സിന് ലാറ്ററല്‍ എന്‍ട്രി പ്രവേശനം നല്‍കുന്ന കരടു നയം പ്രസിദ്ധീകരിച്ചു


JUNE 6, 2019, 1:39 AM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ സമൂല പരിവര്‍ത്തനം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന 'ദേശീയ വിദ്യാഭ്യാസം നയം 2019 ' ന്റെ കരടു പ്രസിദ്ധീകരിച്ചു. നഴ്‌സിംഗ്, ഡെന്റിസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്ക് എം.ബി.ബി.എസ് കോഴ്‌സിന് ലാറ്ററല്‍ എന്‍ട്രി പ്രവേശനം നല്‍കുന്നു എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. മെഡിസിന്‍, നഴ്‌സിംഗ്, ഡെന്റ്‌സ്ട്രി രംഗത്തുള്ള വിവിധ കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ചുരുക്കി പ്രൊഫഷണല്‍ മികവ് അളക്കുന്നതിനുള്ള ഒന്നായി ചുരുക്കുന്നതിനും, ഇന്‍സ്‌പെക് ഷന്‍, അക്രഡിറ്റേഷന്‍ തുടങ്ങിയവ എം പാനല്‍ഡ് ഏജന്‍സികള്‍ക്ക് ഔട്ട് സോഴ്‌സിംഗ് നല്‍കുന്നതിനും കരടു നയത്തില്‍ ശിപാര്‍ശ ചെയ്യുന്നു. എല്ലാ എം.ബി.ബി.എസ് ഗ്രാജ്വേറ്റുകള്‍ക്കും പൊതുവായ 'എക്‌സിറ്റ്' പരീക്ഷ നടത്തുന്ന കാര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എം.ബി.ബി.എസിന്റെ ആദ്യ ഒന്നോ രണ്ടോ വര്‍ഷത്തെ കോഴ്‌സ് എം.ബി.ബി.എസ് , ബി.ഡി.എസ്, നഴ്‌സിംഗ് രംഗത്തേക്കു പോകാന്‍ ഉദ്ദേശിക്കുന്ന എല്ലാ സയന്‍സ് ഗ്രാജ്വേറ്റുകള്‍ക്കും പൊതുവായി നിജപ്പെടുത്തണമെന്ന് കരടു നയത്തില്‍ പറയുന്നു. എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കൊണ്ട് പ്രവേശന പരീക്ഷ എഴുതേണ്ടതില്ല എന്നല്ല വ്യവസ്ഥ ചെയ്യുന്നതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ കരടു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച നാരായണ ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ.ദേവി ഷെട്ടി പറഞ്ഞു. ഡെന്റിസ്ട്രി, നഴ്‌സിംഗ് മേഖലയിലേക്കു തിരിഞ്ഞവര്‍ക്ക് എം.ബി.ബി.എസിനു പോകണമെന്നുണ്ടെങ്കില്‍ 'നീറ്റ്' പ്രവേശന പരീക്ഷ എഴുതി ക്വാളിഫൈ ചെയ്താല്‍ എം.ബി.ബി.എസിന്റെ ബാക്കിയുള്ള മൂന്നു വര്‍ഷം പഠിച്ചാല്‍ മതിയാകും (എം.ബി.ബി.എസ് പഠന കാലാവധി അഞ്ചു വര്‍ഷമാണെങ്കില്‍). 

എം.ബി.ബി.എസ് ഗ്രാജ്വേറ്റുകള്‍ക്കുള്ള പൊതുവായ 'എക്‌സിറ്റ്' പരീക്ഷ പോസ്റ്റ് ഗ്രാജ്വേഷനുള്ള പ്രവേശന പരീക്ഷയായി കണക്കാക്കപ്പെടുമെന്നും, എം.ബി.ബി.എസ് കോഴ്‌സിന്റെ നാലാം വര്‍ഷം ഇത് നടത്തണമെന്നും കരടു നയത്തില്‍ പറയുന്നു. റസിഡന്‍സി കാലഘട്ടത്തിന്റെ അവസാനം പൊതു പ്രവേശന പരീക്ഷ എഴുതേണ്ടി വരുന്നതിന്റെ അധിക ഭാരത്തില്‍ നിന്ന് മോചിതരാകാനും, റസിഡന്‍സി കാലഘട്ടം തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും കൂടുതല്‍ അറിവും നേടുന്നതിനും ഇതു സഹായകമാകുമെന്ന് നയത്തില്‍ ചൂണ്ടിക്കാട്ടി. ഡെന്റിസ്ട്രി ഉള്‍പ്പെടെ മറ്റു പ്രൊഫഷണല്‍ മേഖലകളിലും സമാന 'എക്‌സിറ്റ്' പരിക്ഷകള്‍ നടത്തണമെന്ന് ശിപാര്‍ശയുണ്ട്. 

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെ മെഡിക്കല്‍ പ്രൊഫഷണല്‍ മേഖലയിലെ കൗണ്‍സിലുകള്‍ ഈ രംഗത്തെ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കുന്ന സമിതികളായി പരിവര്‍ത്തനം ചെയ്യപ്പെടണമെന്നും, ഇവര്‍ നിശ്ചയിക്കുന്ന കരിക്കുലം അടിസ്ഥാനപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയം കരിക്കുലം രൂപപ്പെടുത്താന്‍ അനുമതി നല്‍കണമെന്നും ശിപാര്‍ശയില്‍ പറയുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അഞ്ചു വര്‍ഷം കൂടുമ്പോള്‍ അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്നും, നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) നിയോഗിക്കുന്ന അക്രെഡിറ്റേഷന്‍ ഏജന്‍സികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ കൗണ്‍സിലുകളുമായി ആലോചിച്ച് അക്രെഡിറ്റേഷന്‍ മാനദണ്ഡം നിശ്ചയിക്കണമെന്നും ശിപാര്‍ശയില്‍ വ്യവസ്ഥ ചെയ്യുന്നു.


Other News