ബിജെപിപ്പേടിയില്‍ മുന്നണിക്കായി മമത 


JUNE 28, 2019, 1:05 PM IST

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും അതേത്തുടര്‍ന്ന് ബിജെപി സംസ്ഥാനത്ത് അഴിച്ചുവിട്ടിട്ടുള്ള പ്രക്ഷോഭങ്ങളും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഉറക്കം കെടുത്തുകയാണ്.


പാര്‍ട്ടിയുടെ എംപിമാരെയും എംഎല്‍എമാരെയും നേതാക്കളെയും അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചേര്‍ന്ന് ഒരു മുന്നണി രൂപീകരിക്കാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.


രാഷ്ട്രീയമായി വ്യത്യസ്തനിലപാടുകള്‍ പുലര്‍ത്തിക്കൊണ്ട് തന്നെ ദേശീയതലത്തില്‍ പൊതുവിഷയങ്ങളില്‍ ഒന്നിച്ച് നില്‍ക്കാന്‍ അവര്‍ കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും അഭ്യര്‍ത്ഥിച്ചു.എന്നാല്‍ രണ്ട് പാര്‍ട്ടികളും മമതയുടെ ആഹ്വാനത്തെ കയ്യോടെ നിരസിച്ചു. മമതയുടെ നയങ്ങളാണ് സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് അവര്‍ തിരിച്ചടിച്ചു.
ബംഗാള്‍ നിയമസഭയിലാണ് മമത തന്റെ മനംമാറ്റം അറിയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ പിടിവാശിയാണ് വലിയൊരളവോളം പ്രതിപക്ഷ ഐക്യത്തിന് തടസ്സമായത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മമത നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത് 22 സീറ്റുകളായിരുന്നു. അവരെയും മറ്റ് പാര്‍ട്ടികളെയും ഞെട്ടിച്ചുകൊണ്ട് ബിജെപി 18 സീറ്റുകള്‍ നേടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികളായി കണക്കാക്കപ്പെട്ടിരുന്ന സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല.


തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മമത സര്‍ക്കാരിനെതിരെ കടുത്ത ആക്രമണമാണ് ബിജെപി അഴിച്ചുവിട്ടിട്ടുള്ളത്. ഭരണഘടനാ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗതഃത്തെത്തിയ ബിജെപി ഒരു വിട്ടുവീഴ്ച്ചക്കും തങ്ങള്‍ തയ്യാറല്ലെന്ന് ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.

Other News